ആലപ്പുഴ: വീടിനു മുന്നിൽ വോട്ടഭ്യർത്ഥനയുമായി അഞ്ചിൽ കൂടാത്ത പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തുന്നു. ഉടൻ ഗൃഹനാഥന്റെ മൊബൈൽ ഡൈനിംഗ് ടേബിളിലിരുന്ന് ബെല്ലടിക്കുന്നു; ഫോണെടുത്തപ്പോൾ സ്ഥാനാർത്ഥിയാണ് മറുതലയ്ക്കൽ. 'ചേട്ടാ ഞാൻ ക്വാറന്റൈനിലാണ്. വീട്ടീന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. എനിക്കുവേണ്ടി നേരിട്ടു വോട്ടു ചോദിക്കാനാണ് അവരെത്തിയിരിക്കുന്നത്, സഹായിക്കണം, വീട്ടിലെ എല്ലാവരോടും പറയണം...'- അപ്പോഴാണ് ഗൃഹനാഥൻ ആ കൂട്ടത്തിലേക്ക് നോക്കിയത്; ശരിയാണല്ലോ, സ്ഥാനാർത്ഥി കൂട്ടത്തിലില്ല!
പ്രത്യക്ഷമായും പരോക്ഷമായും കൊവിഡ് നടത്തിയ ആക്രമണത്തെത്തുടർന്ന് പ്രചാരണത്തിനിറങ്ങാൻ കഴിയാത്ത സ്ഥാനാർത്ഥികൾക്ക് ഏക ആശ്രയം മൊബൈൽ ഫോൺ ആണ്.
ജില്ലയിൽ ആലപ്പുഴ നഗരസഭ,മാരാരിക്കുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില സ്ഥാനാർത്ഥികൾക്ക് കൊവിഡ് പൊസറ്റീവാണ്. സ്ഥാനാർത്ഥികൾ ചികിത്സയിലാണെങ്കിലും പ്രചാരണത്തിന് അവധിയില്ല. ഫോൺവിളികളോ മെസേജോ ഒക്കെയായി എങ്ങനെയെങ്കിലും വോട്ടർമാർക്ക് അഭ്യർത്ഥന എത്തിയിരിക്കും. വിജയം മാത്രമാണ് ലക്ഷ്യം. കൊവിഡ് പൊസിറ്റീവ് ആയി വിശ്രമത്തിലാണെങ്കിലും സ്ഥാനാർത്ഥി രാവിലെ 8 മുതൽ പ്രചാരണം തുടങ്ങും. വാർഡിലെ എല്ലാവരുടെയും നമ്പർ കൊവിഡ് വിശ്രമത്തിലുള്ള സ്ഥാനാർത്ഥികളുടെ പക്കൽ പ്രവർത്തകർ എത്തിച്ചിട്ടുണ്ട്.
നിഴലുപോലെ സ്ഥാനാർത്ഥിയും
രാവിലെ വീടുകളിൽ കയറിയുള്ള പ്രചാരണത്തിന് ഇറങ്ങുമ്പോൾ പ്രവർത്തകർ സ്ഥാനാർത്ഥിയെ വിളിക്കും. ഇന്ന് എങ്ങോട്ടെന്ന് വിശദമായി പറയും. മുറിക്കുള്ളിലാണെങ്കിലും പ്രവർത്തനം കൃത്യമായി ഏകോപിപ്പിക്കുന്ന ചുമതല സ്ഥാനാർത്ഥിക്കുമുണ്ട്. ഓരോ ദിവസത്തെയും കൃത്യമായുള്ള
ചാർട്ട് മുൻകൂട്ടി തയ്യാറാക്കിയാണ് വോട്ടുപിടിത്തം.