ആലപ്പുഴ: സ്ഥിരം യാത്രക്കാർക്ക് സീറ്റ് ഉറപ്പാക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ഓർഡിനറി സീറ്റ് റിസർവേഷൻ ആലപ്പുഴയിൽ യാഥാർത്ഥ്യമാകണമെങ്കിൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കണം. കൂടുതൽ ഓഫീസുകൾ പ്രവർത്തിക്കുന്ന ജില്ലകളിലാണ് റിസർവേഷൻ സൗകര്യം കൊണ്ട് പ്രയോജനമുണ്ടാവുക. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം ആവശ്യത്തിന് ബസുകൾ സർവീസ് നടത്തുന്നതിനാൽ നിലവിൽ ബസ് ലഭിക്കാതെ യാത്രക്കാർ വലയുന്ന സ്ഥിതിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിലയിരുത്തൽ. റിസർവ് ചെയ്ത് സീറ്റുറപ്പിച്ച് നൽകണമെന്ന ആവശ്യവുമായി ആരും അധികൃതരെ സമീപിച്ചിട്ടുമില്ല. കൂടുതൽ ഓഫീസുകളും ജീവനക്കാരുള്ള തെക്കൻ ജില്ലകളിലെ വിവിധ ഡിപ്പോകളിൽ ഓർഡിനറി സീറ്റ് റിസർവേഷൻ സംവിധാനത്തിന് തുടക്കമായിട്ടുണ്ട്. രാവിലത്തെ യാത്രയ്ക്കൊപ്പം തന്നെ അഞ്ച് രൂപ നൽകി മടക്ക യാത്രയ്ക്കുള്ള സീറ്റ് ബുക്ക് ചെയ്യാം. കൂപ്പണുകളിൽ തിയതി, സീറ്റ് നമ്പർ, ബസ് പുറപ്പെടുന്ന സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തിയിരിക്കും. ഒരു ദിവസം പരമാവധി 30 കൂപ്പണുകളാണ് വിതരണം ചെയ്യുക. പലപ്പോഴും വൈകുന്നേരങ്ങളിൽ ബസിൽ സീറ്റ് ലഭിക്കില്ലെന്ന് യാത്രക്കാർ നിരന്തരമായി പരാതി ഉന്നയിച്ചിരുന്ന ഡിപ്പോകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് വഴി കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാർ സീറ്റ് കിട്ടാതെ വിഷമിക്കുന്ന സാഹചര്യം നിലവിൽ ആലപ്പുഴയിൽ ഇല്ല. കൃത്യമായ ഇടവേളകളിൽ ബസുകൾ സർവീസ് നടത്തുണ്ട്. റിസർവേഷൻ സൗകര്യം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടാൻ നടപ്പിലാക്കും. - അശോക് കുമാർ, എ.ടി.ഒ