ആലപ്പുഴ:സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സംശയമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ജയിലിൽ കഴിയുന്നു. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ചോദ്യംചെയ്യൽ ഭയന്ന് ആശുപത്രിയിലാണ്. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡാണെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസിലെ എത്രപേർ നിരീക്ഷണത്തിൽ പോയി. ഇതെല്ലാം സംശയമുണ്ടാക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു.

ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനിടെ ബൈപാസ് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. അത് മുഖ്യമന്ത്രിയിലേക്ക് എത്തുന്നുവെന്ന് അവർക്ക് സംശയമുണ്ടെങ്കിൽ കേന്ദ്രത്തിനെന്തു ചെയ്യാൻ പറ്റും. കോഴിയെ മോഷ്ടിച്ചവരുടെ തലയിലല്ലേ പൂടയുണ്ടാവൂ. മുഖ്യമന്ത്രിക്ക് എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കിൽ അദ്ദേഹത്തിലേക്ക് എത്തും. അനാവശ്യമായി ആരെയും പ്രതിചേർക്കാനോ ടാർഗറ്റ് ചെയ്യാനോ കേന്ദ്രത്തിന് ഉദ്ദേശമില്ല.