ആലപ്പുഴ: കാർത്തികപ്പള്ളി കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലുള്ള പുത്തൻതറയിൽ മൂന്ന് വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത വഴിയുടെ ഇരുവശവും ഭിത്തി നിർമ്മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സ്വകാര്യ വ്യക്തിയുടെ ഭൂമി ലഭ്യമാക്കി 2020- 2021ലെ എൻ.ആർ.ഇ.ജി.എസ് അഡിഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി ഭിത്തി കെട്ടാനാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും നിലവും തെങ്ങുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണെന്നും ഉടമസ്ഥന്റെ അനുവാദമില്ലാതെ നിർമ്മാണം നടത്താൻ കഴിയില്ല. സ്വകാര്യ വ്യക്തിയോട് സംസാരിച്ച് അനുമതി വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടോളി മാർക്കറ്റ് സ്വദേശി രാമക്യഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.