 തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ 105 വോട്ടർമാർ

തുറവൂർ: ഫണ്ട് ലഭിച്ചിട്ടും റോഡും പാലവും നിർമ്മിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു തുറവുർ പഞ്ചായത്ത് 18-ാം വാർഡിലെ 105 വോട്ടർമാർ ഇലക്ഷൻ ബഹിഷ്കരിക്കാനൊരുങ്ങുന്നു. വാർഡിലെ പുന്നയ്ക്കൽ മുതൽ അറക്കേപ്പറമ്പ് പുരയിടം വരെ റോഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരന്തരമുറവിളികൾക്കൊടുവിൽ വയലാർ രവി എം.പിയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം, ജില്ലാ പഞ്ചായത്ത് - 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് - 5 ലക്ഷം, പഞ്ചായത്ത് - 8 ലക്ഷം എന്നിങ്ങനെ 43 ലക്ഷം റോഡിനും പാല നിർമ്മാണത്തിനുമായി ഫണ്ട് വകയിരുത്തിയതാണ്. എന്നാൽ ഇതുവരെ തുടർ നടപടികൾ യാതൊന്നുമുണ്ടായിട്ടില്ല. ഇതുസംബന്ധിച്ചു ജനപ്രതിനിധി കൾക്കും അധികൃതർക്കും നാട്ടുകാർ പരാതി സമർപ്പിച്ചിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് വോട്ട് ബഹിഷ്ക്കരണം നടത്താൻ തീരുമാനിച്ചതെന്ന് ആക്ഷൻ സമിതി കൺവീനർ ബെന്നി മാവേലി തൈയ്യിൽ, ജോ. കൺവീനർ ദാസൻ പനയ്ക്കൽ എന്നിവർ പറഞ്ഞു.