കറ്റാനം: യാക്കോബായ സുറിയാനി സഭയ്ക്ക് നേരെ നടക്കുന്ന നീതിനിഷേധത്തിനും,പള്ളി കയ്യേറ്റങ്ങൾക്കും എതിരെ, അനിശ്ചിതകാല സമരം നടത്തണമെന്ന യാക്കോബായ സഭയുടെ ആഹ്വാനമനുസരിച്ച് കട്ടച്ചിറ വലിയ പള്ളിക്കുമുന്നിൽ യാക്കോബായ വിശ്വാസികൾ ഇന്ന് വിശ്വാസ ചങ്ങല തീർക്കും. രാവിലെ 8ന് ആരംഭിക്കുന്ന വിശ്വാസ ചങ്ങല പള്ളി ട്രസ്റ്റി അലക്സ് എം ജോർജ് ഉദ്ഘാടനം ചെയ്യും. ഫാദർ റോയ് ജോർജ്, ഫാദർ സഞ്ജയ് ബാബുതുടങ്ങിയവർ നേതൃത്വം നൽകും. സഭാതർക്കത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കട്ടച്ചിറയിൽ യാക്കോബായ ഇടവക വിശ്വാസികൾ സഹന സമരത്തിലാണ്. മൃതദേഹം സംസ്കരിക്കാൻ പോലും ഓർത്തഡോക്സ് വിഭാഗം അനുവദിക്കാതിരുന്നതിനെ തുടർന്ന് 39 ദിവസം മൃതദേഹം സംസ്കരിക്കാനാകാതെ ഭവനത്തിൽ പേടകത്തിൽ സൂക്ഷിച്ച സംഭവം വരെ ഉണ്ടായി. തുടർന്ന് യാക്കോബായ സുറിയാനി സഭയുടെ മുംബയ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായുടെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിനൊടുവിലാണ് സംസ്ഥാന സർക്കാർ സെമിത്തേരി ഓർഡിനൻസ് ബിൽ പാസാക്കിയത്. എന്നാൽ ഓർഡിനൻസ് നിലനിൽക്കെ കഴിഞ്ഞആഴ്ച്ച നിര്യാതയായ കട്ടച്ചിറ വട്ടപ്പറമ്പിൽ മറിയാമ്മ സാമുവലിന്റെ മൃതദേഹം സംസ്കരിക്കുന്നത് ഓർത്തഡോക്സ് വിഭാഗം തടയുകയും, തുടർന്ന് പൊലീസ് ഇടപെട്ട് മൃതദേഹ സംസ്കാരം നടത്തുകയും ചെയ്തിരുന്നു. വരുംദിവസങ്ങളിൽ ഇടവക വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കും എന്നും ട്രസ്റ്റി അലക്സ് എം ജോർജ് പറഞ്ഞു.