ആലപ്പുഴ: ജില്ലയിലെ 35 കേന്ദ്രങ്ങളിൽ നടക്കുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മന്ത്രി ജി.സുധാകരൻ തുടക്കം കുറിച്ചു. നവംബർ 27 നാണ് ആലപ്പുഴ നഗരത്തിലെ ഇരവുകാട്, മുല്ലാത്ത് വാർഡ്, കളർകോട്, കൈതവന, കാളാത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 20 സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കാമ്പയിൻ തുടങ്ങിയത്. 20 സ്ഥാനാർത്ഥികളും ഇടതുപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സമ്മേളനങ്ങൾ എല്ലാം നടത്തിയതെങ്കിലും പ്രവർത്തകർ ആവേശത്തോടെ പങ്കെടുത്തുവെന്ന് ജി.സുധാകരൻ പറഞ്ഞു.

സീനിയർ ഐ.എ.എസ് ഓഫീസറായ ശിവശങ്കറിനെ, അയാളുടെ കുറ്റങ്ങൾ ബോദ്ധ്യപ്പെട്ടപ്പോൾ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്തത്. ചില കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ അറിവായി. ഐ.എ.എസ് എന്നാൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് എന്നാണ്. കേരള സർവ്വീസ് അല്ല. കേന്ദ്ര സർക്കാരിന്റെ കീഴിൽ ചട്ടപ്രകാരമാണ് ഐ.എ.എസ് നൽകുന്നത്. സ്റ്റേറ്റ് ക്വാട്ടയിൽ നിന്ന് നിർദ്ദേശിക്കുന്നവരെപോലും കേന്ദ്രം അംഗീകരിക്കണം. ശിവശങ്കറിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുന്ന യു.ഡി.എഫുകാർ കേന്ദ്രത്തെ ഒരു കുറ്റവും പറയുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വമാകട്ടെ ശിവശങ്കറിനു മേൽ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഐ.എ.എസിൽ നിന്നു പുറത്താക്കേണ്ട കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണ്. ഈക്കാര്യങ്ങൾ ഒന്നും മറച്ചു വയ്ക്കാൻ കഴിയുന്നതല്ല. ഇടതുപക്ഷ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കരങ്ങൾ ശുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ ഇടതുപക്ഷത്തിനോ, സംസ്ഥാന സർക്കാരിനോ പ്രശ്നമില്ലെന്നും വിവിധ സ്ഥലങ്ങളിൽ ജി.സുധാകരൻ വിശദീകരിച്ചു.

കേരളപ്പിറവിക്ക് ശേഷം 73 വർഷക്കാലം അസാദ്ധ്യമെന്ന് കരുതിയ വൻകിട വികസന പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്. തീരദേശപാത, മലയോരപാത, ദേശീയപാത ആറുവരിയാക്കൽ, ആലപ്പുഴ - ചങ്ങനാശേരി റോഡ് ഉയർത്തി നിർമ്മിക്കൽ, കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, അമ്പലപ്പുഴ - തിരുവല്ല റോഡ് പുനർനിർമ്മാണം, എം.സി റോഡിന്റെ നവീകരണം, കടലാക്രമണം തടയാൻ ശഖുംമുഖത്ത് പുതിയ റോഡ്, കോഴിക്കോടിനും വയനാടിനും മദ്ധ്യേയുള്ള പുതിയ തുരങ്കപാത, 560 ഓളം പുതിയ പാലങ്ങൾ, മികച്ച വാസ്തു ശില്പകല വെളിപ്പെടുത്തിയ ഫൈൻ ആർട്സ് കോളേജ്, തിരുവനന്തപുരം പബ്ലിക് ലൈബ്രറി, തിരുനന്തപുരം കണ്ണ് ആശുപത്രി, ഹൈക്കോടതി ഓഡിറ്റോറിയം, ഹൈക്കോടതിയുടെ പുതിയ ഏഴ് നില മന്ദിരം, തൃശൂരിലെയും കോഴിക്കോട്ടെയും ബഹുനില കോടതി മന്ദിരങ്ങൾ, ആലപ്പുഴ മെഡിക്കൽ കോളേജിലെ നവീനമായ ഓഡിറ്റോറിയം എന്നിങ്ങനെ എക്കാലത്തെയും മികച്ച നിർമ്മിതികളാണ് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ ആയിരക്കണക്കിന് ജില്ലാ റോഡുകൾ, നിരവധി സ്റ്റേറ്റ് ഹൈവേകൾ എന്നിവയും നിർമ്മിച്ചു.

പ്രാദേശിക സ്ഥാപനങ്ങളുടെ ആയിരക്കണക്കിന് റോഡുകൾ ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ നിർമ്മിച്ച് കൊടുത്തു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിർമ്മാണമാണ് നാലരവർഷമായി പൊതുമരാമത്ത് വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. 1,05,608 കോടി രൂപയുടെ വികസനമാണ് ബഡ്ജറ്റ്, കിഫ്ബി,മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ എന്നിവിടങ്ങളിൽ നിന്നുള്ള സഹായങ്ങൾ വഴി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്നത്. ഇതിന് പുറമെയാണ് 66,000 കോടി ചെലവ് വരുന്ന സെമി ഹൈ സ്പീഡ് റെയിൽവേയുടെ 50 ശതമാനം (33,000 കോടി) സംസ്ഥാനം ചെലവഴിക്കണമെന്നുള്ള കേന്ദ്ര നിർദ്ദേശം പരിഗണിക്കുന്നത്.

 സർക്കാരിനുള്ള അംഗീകാരമാവും

വികസനത്തിന് വേണ്ടി കക്ഷി രാഷ്ട്രീയവും ജാതിമത പരിഗണനകളും അവഗണിച്ച് എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ട് മുന്നേറുന്ന പിണറായി സർക്കാരിന് മേലുള്ള പിന്തുണകൂടി ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇന്ന് അമ്പലപ്പുഴ മണ്ഡലത്തിലും, 30ന് ആലപ്പുഴ, ചേർത്തല മണ്ഡലങ്ങളിലും ഡിസംബർ ഒന്നിന് വീണ്ടും അമ്പലപ്പുഴ മണ്ഡലത്തിലും മൂന്നിന് ഹരിപ്പാട്, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലും നാലിന് കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിലും പ്രചരണ യോഗങ്ങളിൽ പങ്കെടുക്കും.