ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത മുനിസിപ്പൽ സെക്രട്ടറിക്കെതിരെ നൽകിയ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കല്യാണി ബേക്കറി എന്ന സ്ഥാപനമാണ് യൂണിയന്റെ അനുമതിയില്ലാതെ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ സെക്രട്ടറി വി.എൻ.ബാബുവാണ് കോടതിയെ സമീപച്ചത്.തുടർന്ന് മുനിസിപ്പൽ സെക്രട്ടറിയോട് നിർമ്മാണം പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ഉത്തരവ് വന്ന് മാസങ്ങൾ പിന്നിട്ടിട്ടും മുനിസിപ്പൽ സെക്രട്ടറി ഉത്തരവ് നടപ്പാക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് യൂണിയൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത മുനിസിപ്പൽ സെക്രട്ടറിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം ഉൾപ്പെടെ നടത്തിയിരുന്നു.