s

കറ്റാനം . ഭരണിക്കാവിൽ പത്തംഗ സംഘം രണ്ട് വീടുകൾ ആക്രമിച്ചു വീട്ടുകാരെ മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിലായി. ഭരണിക്കാവ് സ്വദേശികളായ പ്രസന്നഭവനം അർജുൻ (24), മുളന്തുരുത്തിയിൽ അജു (24), മനീഷ് (25), വിജയഭവനം ആശിഷ് (24) എന്നിവരാണ് അറസ്റ്റിലായത്. വയോധികയടക്കം 4 വീട്ടമ്മമാർക്കും, 2 ഗ്യഹനാഥൻമാർക്കും അക്രമിസംഘത്തിന്റെ മർദനമേറ്റിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് സന്ദേശം വഴിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. മൂന്നാംകുറ്റി ജംഗ്ഷനു സമീപം കുട്ടേമ്പടത്തെ 2 വീടുകൾ ആണ് ആക്രമിച്ചത്. ജനാലകളും ബൈക്കും സൈക്കിളും തകർത്തു. സുമതിയമ്മ (75), വത്സല (48), സിന്ധു (40), അജയൻ (45), രമ (43), പ്രദീപ്‌ (45) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടേമ്പടത്ത് വീട്ടിലെ വിഷ്ണുവും അയൽവീട്ടിലെ അനന്തുവും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു വീട്ടുകാർ പൊലീസിനോട് പറഞ്ഞു. പത്തംഗ സംഘത്തിലെ 4 പേരെ നാട്ടുകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.