ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തെയും കുട്ടനാട് യൂണിയനെയും അപകീർത്തിപ്പെടുത്തും വിധം പ്രവർത്തിച്ചതിന് യൂണിയൻ മുൻ പ്രസിഡന്റ് പി.പി. മധുസൂദനനെ യോഗത്തിന്റെ അംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. യോഗാംഗമെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും തടഞ്ഞു വയ്ക്കാനും യോഗം കൗൺസിൽ ഐകകണ്ഠേന തീരുമാനിച്ചു.
സാമ്പത്തിക ക്രമക്കേടുകൾ അടക്കം ചൂണ്ടിക്കാട്ടി യൂണിയൻ കൗൺസിൽ അംഗങ്ങളായ സി.കെ. സതീശൻ, കെ. സദാനന്ദൻ, എ.ജി. സുഭാഷ്, ജി.എം. സാബു, എം.ഡി. ഓമനക്കുട്ടൻ, സന്തോഷ് ശാന്തി, യോഗം മുൻ ഡയറക്ടർ ബോർഡംഗങ്ങൾ തുടങ്ങിയവരുടെ രേഖാമൂലമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ അഡ്വ. ശിവജി ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്.