ചേർത്തല: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർപ്രിന്റ് എടുത്ത് നൽകി, ഭിന്നശേഷിക്കാരനായ വിൽപ്പനക്കാരനെ കബളിപ്പിച്ച് പണം തട്ടി. കഞ്ഞിക്കുഴി പഞ്ചായത്ത് 4–ം വാർഡ് നാനാട്ട്ചിറയിൽ രവീന്ദ്രന്റെ കൈയിൽ നിന്നാണ് 19–ാം തീയതി ദേശീയപാത ചേർത്തല മതിലകം ആശുപത്രിക്ക് സമീപം കാറിലെത്തിയയാൾ, 18–ാം തീയതി നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ 1000 രൂപയുടെ സമ്മാനമുള്ള ടിക്കറ്റിന്റെ കളർപ്രിന്റ് കൊടുത്ത് പണം തട്ടിയത്. രവീന്ദ്രന്റെ കൈയ്യിൽ നിന്നും 40 രൂപ വിലയുള്ള 5 ഭാഗ്യക്കുറി 200 രൂപയ്ക്ക് വാങ്ങിയതിനുശേഷമാണ് 1000 രൂപയുടെ സമ്മാനമുണ്ടെന്നു പറഞ്ഞ് ടിക്കറ്റിന്റെ കളർപ്രിന്റ് നൽകിയത്. ടിക്ക​റ്റിന്റെ ബാക്കി തുകയായ 800 രൂപ രവീന്ദ്രൻ മടക്കി നൽകുകയും ചെയ്തു.മുട്ടത്തിപറമ്പിലെ മൊത്ത വിതരണക്കാരന് ഈ ടിക്കറ്റ് രവ്രന്ദ്രൻ കൈമാറിയിരുന്നു.രണ്ടുദിവസം കഴിഞ്ഞാണ് കടക്കാരൻ രവീന്ദ്രനെ വിളിച്ച് ടിക്കറ്റിന്റെ കളർപ്രിന്റാണ് നൽകിയതെന്ന് അറിയിച്ചത്. തുടർന്ന് രവീന്ദ്രൻ മാരാരിക്കുളം പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി.