yu

ആലപ്പുഴ: കൊവിഡിനെത്തുടർന്ന് ഇൻഷുറൻസ് പോലുമടയ്ക്കാൻ മാർഗമില്ലാതെ ഒട്ടുമിക്ക വാഹനങ്ങളും ഉടമകളുടെ പറമ്പിൽ നോക്കുകുത്തിപോലെ കിടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി ടാക്സി പെർമിറ്റ് വാഹനങ്ങൾ സംഘടിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നെട്ടോട്ടമോടുന്നു. സർവ്വീസുകൾ താളം തെറ്റിയതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളും 'ജി ഫോം' വാങ്ങി മൂലയിലൊതുങ്ങി കിടക്കുകയാണ്. ജി ഫോമിലുള്ള വാഹനങ്ങൾ പൊതു നിരത്തിലിറക്കാനാവില്ല. ഈ പ്രതിസന്ധി മൂലം ഡ്യൂട്ടിക്ക് ആവശ്യത്തിനുള്ള വാഹനങ്ങൾ സംഘടിപ്പിക്കാനാവാതെ വലയുകയാണ് മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർ.

വോട്ടെടുപ്പിന്റെ തലേ ദിവസം സ്ട്രോംഗ് റൂമിൽ നിന്ന് ബാലറ്റ് പെട്ടികളും ഉദ്യോഗസ്ഥരെയും അതത് ബൂത്തുകളിൽ എത്തിക്കുക, വോട്ടെടുപ്പിന് ശേഷം ഇവ തിരികെ മുഖ്യ കേന്ദ്രത്തിലെത്തിക്കുക എന്നീ ആവശ്യങ്ങൾക്കാണ് വാഹനങ്ങൾ വേണ്ടിവരുന്നത്. വലിയ ബസുകളാണ് കണ്ടെയ്നറായി ഉപയോഗിച്ചിരുന്നത്. പൊതുനിരത്തിൽ ഓടാൻ അനുമതിയുള്ള ബസുകൾ ലഭിക്കാത്ത പക്ഷം വലിയ ബസിന് പകരം രണ്ട് മിനി ബസുകൾ ഏർപ്പാടാക്കാനാണ് മോട്ടോർ വകുപ്പിന് നിലവിൽ ലഭിച്ചിരിക്കുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടിയാണെങ്കിൽ പോലും താത്കാലികമായി ജി ഫോം മരവിപ്പിക്കാനാവില്ല. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ, വാഹനങ്ങളിൽ ഉദ്യോഗസ്ഥരെ കുത്തിനിറച്ചുള്ള യാത്രയും പറ്റില്ല. ആലപ്പുഴ പോലൊരു ചെറിയ ജില്ലയ്ക്ക് മാത്രം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആയിരത്തി അഞ്ഞൂറിലധികം വാഹനങ്ങൾ വേണ്ടിവരുമെന്നാണ് കണക്ക്. നിലവിലെ നിയമ പ്രകാരം പ്രൈവറ്റ് രജിസ്ട്രേഷൻ വാഹനങ്ങൾ ഡ്യൂട്ടിക്കിടാനും നിർവാഹമില്ല.

 സ്കൂൾ വാഹനങ്ങളുമില്ല

തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയം ആശ്രയമായിരുന്നു സ്കൂൾ ബസുകൾ. പക്ഷേ, സംസ്ഥാനത്തെ ഒട്ടുമിക്ക സ്കൂളുകളുടെയും വാഹനങ്ങൾ ഇൻഷ്വറൻസ് അടയ്ക്കാതെ ജ ഫോമിലാണ്. സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ട് ഇൻഷ്വറൻസ് അടയ്ക്കാമെന്ന നിലപാ‌ിലാണ് പല മാനേജ്മെന്റുകളും.

 ജി ഫോം

ബസിന്റെ ചെലവുകൾ ഒഴിവാക്കാനുള്ള മാർഗമെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെയുള്ള നടപടിയാണ് ജി ഫോം. ഇതു നൽകിയാൽ ടാക്സോ, ഇൻഷ്വറൻസോ അടയ്ക്കാതെ വാഹനങ്ങൾ കയറ്റിയിടാം. പൊതു നിരത്തിൽ ഇറങ്ങാൻ അനുവാദമില്ല. ആർ.ടി ഓഫീസിൽ 150 രൂപ അടച്ചാണ് ജി ഫോമിന് അപേക്ഷിക്കുന്നത്. വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം വിട്ട് എങ്ങോട്ടും ഇറക്കുന്നില്ലെന്നറിയാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധന നടത്തും.

 റെഡിയാണ്, പക്ഷേ

മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് ഓടാൻ തയ്യാറാകാതിരുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന പതിവുണ്ടായിരുന്നു. പ്രതിദിനം 5000 രൂപ വാടകയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ വാടക. ഇതിലും വരുമാനം തങ്ങളുടെ സ്ഥിരം സർവ്വീസിൽ നിന്ന് ലഭിച്ചിരുന്നതിനാൽ വാഹനം വിട്ട് നൽകാൻ മടിച്ചിരുന്ന ഉടമകളുണ്ട്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. പേരിനു പോലും ഓട്ടമില്ലാത്ത അവസരത്തിൽ രണ്ട് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാൽ പതിനായിരം രൂപ ലഭിക്കുന്നത് ആശ്വാസകരമാണ്. പക്ഷേ ആ പ്രതീക്ഷയാണ് പലർക്കും ജി ഫോമിൽ തട്ടി നഷ്ടമാകുന്നത്.

.............................

വലിയ ബസ് ലഭിക്കാത്ത പക്ഷം രണ്ട് മിനി ബസ് എന്ന തരത്തിൽ സംഘടിപ്പിക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. വാഹനങ്ങൾ ലഭിക്കുന്നതിൽ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

.........................

വാടക (രണ്ട് ദിവസത്തേക്ക്- ഡ്രൈവർ ഉൾപ്പെടെ)

വലിയ ബസ് - 10,000 രൂപ

മിനി ബസ് / വാൻ - 6,000 രൂപ

ടാക്സി കാർ - 3,000 രൂപ