ആലപ്പുഴ: പരോളുകാർ തിരിച്ചെത്താൻ തുടങ്ങിയതോടെ ജയിലിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് മറ്റുള്ള തടവുകാർ. എന്നാൽ ജില്ലയിൽ ഇൗ പേടി വേണ്ടെന്നാണ് ജില്ലാ ജയിൽ അധികൃതർ പറയുന്നത്.
ആറു മാസം വരെയാണ് പലരുടെയും തടവു കാലം. കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടവരെ സെൻട്രൽ ജയിലിലേക്കോ തുറന്ന ജയിലിലേക്കോ മാറ്റിപാർപ്പിക്കും. എന്നാൽ തടവുകാർക്ക് പുതുതായി കൊവിഡ് ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി തടവുകാർക്ക് അനുവദിച്ച പ്രത്യേക പരോൾ എട്ട് മാസം വരെ നീട്ടി നൽകി. ജില്ലയിൽ നിന്ന് 10ലധികം തടവുകാർക്കാണ് കൊവിഡിൽ പരോൾ നീട്ടി കിട്ടിയത്. സാധാരണഗതിയിൽ ഒരു വർഷം അറുപത് ദിവസമാണ് പരോൾ അനുവദിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം തടയുന്നതിനായി തടവുകാർക്ക് രണ്ട് മാസത്തേക്ക് അനുവദിച്ച പരോൾ അഞ്ച് തവണ ദീർഘിപ്പിച്ചാണ് ആറ് മാസമാക്കിയത്. 65 വയസിന് മുകളിലുള്ളർ ഇന്ന് തിരിച്ചു കയറാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
ജില്ലാ ജയിലിലെത്തുന്ന പുതിയ തടവുകാർക്ക് ജയിലിൽ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. പരിശോധനയ്ക്കു ശേഷം ജയിലിൽ ഒരാഴ്ചയോളം ക്വാറന്റൈനിൽ
ഇരിക്കേണ്ടിവരും. തുടർന്ന് കുഴപ്പമില്ലെന്ന് കണ്ടാൽ മാത്രമേ സാധാരണ ജയിൽ ജീവിതത്തിലേക്ക് വിടുകയുള്ളൂ. എന്നാൽ മറ്റ് തടവുകാരെ പുതുതായി വന്നവരുമായി അടുത്ത് ഇടപെടാതിരിക്കാനും ജയിൽ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്.
....................
ജില്ലയിൽ ആറ് മാസം വരെയുള്ള തടവുകാരെ മാത്രമേ പാർപ്പിക്കുന്നുള്ളൂ. മറ്റുള്ളവരെ സെൻട്രൽ ജയിലേക്ക് മാറ്റും. പുതുതായി വരുന്ന തടവുകാരെ ക്വാറന്റൈൻ വാസം കഴിഞ്ഞാണ് സാധാരണ തടവ് ജീവിതത്തിലേക്ക് വിടുന്നത്.
(ശ്രീകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട്)