ആലപ്പുഴ: കെ.എസ്.എഫ്.ഇയിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെങ്കിലും, അത് ഒരു ധനകാര്യ സ്ഥാപനത്തെ താറടിക്കും വിധമാകരുതെന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇ സർക്കാർ സ്ഥാപനമാണ്. അവിടെ നടത്തുന്ന പരിശോധനകൾ ഔചിത്യപൂർവമാകണം. സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധമാണ് എതിരാളികൾ റെയ്ഡിനെ ഉപയോഗിക്കുന്നത്. കെ.എസ്.എഫ് ഇ തകർന്നാൽ ഗുണം സ്വകാര്യ സ്ഥാപനങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമാവും. മാദ്ധ്യമങ്ങളിലൂടെയല്ല സർക്കാർ കാര്യങ്ങളറിയേണ്ടതെന്നും വിജിലൻസിന്റെ വീഴ്ചകൾ സർക്കാർ പരിശോധിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിജിലൻസ് അന്വേഷണം സർക്കാർ അറിയണമെന്നില്ല. വകുപ്പു മന്ത്രി അറിയാതെ തന്നെ അന്വേഷണത്തിന് ഏജൻസികൾക്ക് സ്വയംഭരണാവകാശമുണ്ട്. അന്വേഷണശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നു, ആവശ്യമെങ്കിൽ സ്വീകരിക്കുന്നു. ഇതൊക്കെയാണ് സ്വാഭാവിക നടപടികൾ. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് അസ്വാഭാവികം.
ധനകാര്യ പരിശോധനാ വിഭാഗവും സി.എ.ജിയും നേരത്തെ കെ.എസ്.എഫ്.ഇയിൽ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത് മാദ്ധ്യമങ്ങളിലൂടെയല്ല. വിജലൻസ് അന്വേഷണ റിപ്പോർട്ടെന്ന പേരിൽ ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. ഈ വിവരങ്ങൾ എങ്ങനെ മാദ്ധ്യമങ്ങൾക്കു കിട്ടിയെന്ന് അന്വേഷിക്കണം.
വിജിലിൻസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് വഴിതുറക്കുമെന്നാണ് ചിലരുടെ ഭാവന. ഇ.ഡിയെ വിടാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ മനഃപായസമുണ്ണുന്നുണ്ട്. ജനം കൂടെയുണ്ടെങ്കിൽ പൊലീസിനും പട്ടാളത്തിനും ഇ.ഡിക്കും ഒന്നും ചെയ്യാനാകില്ല. ജനം ആരുടെ കൂടെയെന്ന് തിരഞ്ഞെടുപ്പു കഴിയുമ്പോൾ മനസ്സിലാകുമെന്നും ഐസക്ക് പറഞ്ഞു.