ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കാൻ കെ.എസ്.എഫ്.ഇയെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇ.ഡി അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. കെ.എസ്.എഫ്.ഇ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ശിവശങ്കറും തോമസ് ഐസക്കും അടുത്ത സുഹൃത്തുക്കളാണെന്നും വാർത്താ സമ്മേളനത്തിൽ ഹസൻ ആരോപിച്ചു.
വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ഒതുങ്ങാത്തതിനാൽ ഇ.ഡി അന്വേഷണം അനിവാര്യമാണ്. സർക്കാരിന്റെ എല്ലാ വികസന പദ്ധതികളുടേയും സാമ്പത്തിക സ്രോതസിനെക്കുറിച്ച് സംശയമുണ്ടെന്ന് ഇ.ഡി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്റി അറിയാതെ ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ് നടക്കില്ല. എല്ലാത്തരം അഴിമതി അന്വേഷണത്തോടും മന്ത്റി തോമസ് ഐസക്കിന് അസഹിഷ്ണുതയാണ്. സി.എ.ജിയ്‌ക്കെതിരെ നീങ്ങിയതും അതുകൊണ്ടാണ്. ചന്തപ്പിരിവുകാർ ഭീഷണിപ്പെടുത്തും പോലെയാണ് സി.എ.ജിയെ ഐസക്ക് വിരട്ടുന്നത്. ഐസക്കിന്റെ വകുപ്പിൽ തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നത്. മുഖ്യമന്ത്റി പ്രതികാര മൂർത്തിയായിരിക്കുന്നു. സ്പ്രിൻക്ലർ മുതൽ സർക്കാരിന്റെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്ന പ്രതിപക്ഷ നേതാവിനെതിരെ മദ്യക്കച്ചവടക്കാരന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് പ്രതികാരം ചെയ്യലാണ്.
സോളാർ കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്നും ഹസൻ വ്യക്തമാക്കി. അഴിമതിക്കേസുകളിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്റി രാജിവെയ്ക്കണമെന്നും പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 2ന് വൈകിട്ട് 5 മുതൽ ആറുവരെ സംസ്ഥാനത്ത് പഞ്ചായത്ത് വാർഡ് തലങ്ങളിൽ കുറ്റവിചാരണസദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. ബാബുപ്രസാദ്, ഡി.സി.സി ട്രഷറർ ടി. സുബ്രഹ്മണ്യദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.