t
പുതുപ്പള്ളി രാഘവന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം മന്ത്രി ഇ.ചന്ദ്രശേഖരൻ മന്ത്രി ജി. സുധാകരന് സമ്മാനിക്കുന്നു. യു. പ്രതിഭ എം.എൽ.എ, സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഷീല രാഹുലൻ എന്നിവർ സമീപം

കായംകുളം: സ്വാതന്ത്ര്യ സമര സേനാനിയും വിപ്ളവകാരിയുമായിരുന്ന പുതുപ്പള്ളി രാഘവന്റെ പേരിൽ അദ്ദേഹത്തിന്റെ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം മന്ത്രി ഇ.ചന്ദ്രശേഖരൻ മന്ത്രി ജി. സുധാകരന് സമ്മാനിച്ചു. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

ചരിത്രത്തിൽ അമരത്വമായി നിൽക്കുന്ന വ്യക്തിത്വമാണ് പുതുപ്പള്ളി രാഘവന്റേതെന്ന് മന്ത്രി ജി.സുധാകരൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു. വേണ്ടത്ര വിലയിരുത്തപ്പെടാതെ പോയ മഹാനായ കമ്മ്യൂണിസ്റ്റായിരുന്നു പുതുപ്പള്ളി. ഭരണകൂടത്തിന്റെ മർദ്ദന ഉപകരണങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുകയും കൊടിയ മർദ്ദനങ്ങൾക്ക് ഇരയാകേണ്ടിയും വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രം പഠിക്കാൻ പുതുതലമുറയ്ക്കും കഴിഞ്ഞിട്ടില്ല. ഇതിഹാസ കഥയാണ് പുതുപ്പള്ളിയുടേത്. അദ്ദേഹത്തിന്റെ ജീവചരിത്രം പഠനവിഷയമാക്കണമെന്നും ജി. സുധാകരൻ പറഞ്ഞു

സ്മൃതി മണ്ഡപത്തിന് സമീപം നടന്ന യോഗം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഷീല രാഹുലൻ, കെ.ബി രാജൻ, കണ്ണൻ എസ്. രാഹുൽ എന്നിവർ സംസാരിച്ചു. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് കൊവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.