ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റുമാരായിരുന്ന മൂന്നുപേർ ഉൾപ്പെടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിലെ 12 മുൻ അംഗങ്ങൾ മത്സര രംഗത്ത്. ചത്തിയറ 15-ാം വാർഡിലെ മത്സരം മുൻ പ്രസിഡന്റുമാർ തമ്മിലാണെന്ന പ്രത്യേകതയുമുണ്ട്. ബി.ജെ.പിയുടെ മൂന്നു സിറ്റിംഗ് സീറ്റുകളിൽ അതേ അംഗങ്ങൾ വീണ്ടും സ്ഥാനാർത്ഥികളാണ്.

ജനറൽ വാർഡായ ചത്തിയറ 15ൽ കഴിഞ്ഞ ഭരണ സമിതിയിൽ അഞ്ചു വർഷം പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ വി.ഗീതയും മുൻ പ്രസിഡന്റ് കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ ജി.വേണുവും മത്സരിക്കുന്നു. മുൻ പ്രസിഡന്റും ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന സി.പി.എമ്മിലെ എം.കെ.വിമലൻ 9-ാം വാർഡിൽ ജനവിധി തേടുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ അംഗമായിരുന്ന ദീപയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി. 3-ാം വാർഡിൽ മുൻ പഞ്ചായത്തംഗം

എം.നിർമ്മല സി.പി.എം സ്ഥാനാർത്ഥിയാണ്. 6-ാം വാർഡിൽ കഴിത്ത ഭരണ സമിതിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായിരുന്ന സി.പി.ഐയിലെ സുജ ഓമനക്കുട്ടൻ വീണ്ടും മത്സരിക്കുന്നു. 7-ാം വാർഡിൽ മുൻ പഞ്ചായത്തംഗം കോൺഗ്രസിലെ എൻ.ശ്രീകുമാർ മൂന്നാം തവണയാണ് ജനവിധി തേടുന്നത്.

10-ാം വാർഡിൽ മുൻ വൈസ് പ്രസിഡന്റ് വിജയമ്മ രഘുവും 13-ാം വാർഡിൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലീല ഹബീബും കോൺഗ്രസ് സ്ഥാനാർത്ഥികളാണ്. 16-ാം വാർഡിൽ കഴിഞ്ഞ ഭരണ സമിതിയിലെ ബി.ജെ.പി അംഗം സുനിതാ ഉണ്ണി വീണ്ടും ജനവിധി തേടുന്നു. 17-ാം വാർഡിൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.എമ്മിലെ വി.പ്രകാശും കഴിഞ്ഞ ഭരണ സമിതിയിലെ ബി.ജെ.പി അംഗം എം.പി. രാജിയും മത്സരിക്കുന്നു.

കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലായിരുന്ന ഇവിടെ ആകെ 17 വാർഡുകളാണുള്ളത്. സി.പി.എം - 9, സി.പി.ഐ - 2, ബി.ജെ.പി-5 പി.ഡി.പി -1 എന്നതാണ് കക്ഷിനില. എല്ലാ വാർഡുകളിലും സി.പി.എം, കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സര രംഗത്താണ്. രണ്ടു വാർഡുകളിൽ വീതം

പി.ഡി.പിക്കും എസ്.ഡി.പി.ഐക്കും സ്ഥാനാർത്ഥികളുണ്ട്. ചില വാർഡുകളിൽ

വിമത സ്ഥാനാർത്ഥികളും സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരിക്കുന്നു.