ചേർത്തല: സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽ വരുന്ന 22 പുക പരിശോധനാ കേന്ദ്രങ്ങളും ഓൺലൈനിലായി. ഇന്നുമുതൽ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകൾ കേന്ദ്ര സോഫ്റ്റ് വെയറായ വാഹനിലൂടെ മാത്രമേ നൽകാനാകുകയുള്ളൂവെന്ന ഗതാഗത കമ്മിഷണറുടെ സർക്കുലറിനെ തുടർന്നാണ് നടപടി.
എല്ലാ രേഖകളും ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പിന്റെ ലോഗോയോടു കൂടിയ സർട്ടിഫിക്കറ്റുകളാണ് കേന്ദ്രങ്ങളിൽ നിന്നു നൽകുന്നത്.അംഗീകൃത സെന്ററുകൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകിയതായി ജോ.ആർ.ടി.ഒ ഡി.ജയരാജ് അറിയിച്ചു.സെന്ററുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് എം.വി.ഐ എസ്.പി.ബിജുമോനെ നോഡൽ ഓഫീസറായും ചുമതലപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്ക് 80, മുച്ചക്ര വാഹനങ്ങൾ പെട്രോൾ 80,ഡീസൽ 90,നാലുചക്രവാഹനങ്ങൾ പെട്രോൾ 100, ഡീസൽ 110, ഹെവി വാഹനങ്ങൾ 150 എന്നിങ്ങനെയാണ് ഫീസ്. പുതിയ വാഹനങ്ങളെ ഒരു വർഷം പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.