ചേർത്തല: ദേശീയപാതയിൽ എക്‌സ്റേ കവലയിൽ മിനി ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് എസ്.എൽ പുരം കളത്തിൽ വീട്ടിൽ കരുണാകരമേനോന്റെയും (മോഹനൻ) ജയശ്രീയുടെയും മകളും സുനിൽകുമാറിന്റെ ഭാര്യയുമായ ജിജി (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
ചേർത്തലയിൽ മൊബൈൽ നന്നാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജിജിയുടെ സ്‌കൂട്ടറിൽ വടക്ക് ഭാഗത്തു നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കെ.വി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മകൾ: ചൈതന്യ (ചിന്നു).