ദീപോത്സവമായ ദീപാവലി പടികടന്നെത്തി. ഏതാനും ദിവസങ്ങൾ കൂടി പിന്നിട്ടാൽ ഇനി ദീപാവലി വിപണി സജീവമാകും. കേരളത്തിൽ തെക്കും പടിഞ്ഞാറും ദീപാവലി ആഘോഷത്തിൽ മാറ്റങ്ങളുണ്ടെന്ന പോലെ ഇന്ത്യയിലൊട്ടാകെ പലതരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിൽ മധുരത്തിന്റെ ഉത്സവമാണ് ദീപാവലിയെങ്കിൽ തെക്കെ ഇന്ത്യയിൽ മട്ടൻകറിയാണ് ദീപാവലി സ്‌പെഷ്യൽ. ഇനി വടക്കൻ കേരളത്തിന്റെ കാര്യമെടുത്താൽ വിഷുവാണ് ദീപാവലിയെക്കാൾ പ്രിയം. തമിഴ്‌നാടിനോട് ചേർന്നുനിൽക്കുന്ന തെക്കൻ കേരളത്തിൽ ദീപാവലി അത്യാവശ്യം ഓണം പോലെ തന്നെ വലിയ ആഘോഷമാണ്. മട്ടൻ കറിയും ദീപങ്ങൾക്കുമൊപ്പം ചേനയും ചേമ്പുമടക്കം കിഴങ്ങ് വർഗങ്ങൾ വിളവെടുക്കുന്നതിന്റെ കൂടി ആഘോഷമാണ്. തെക്കൻ കേരളത്തിലെ കിഴങ്ങ് വർഗങ്ങളുടെ വിശേഷങ്ങളാണ് ഇത്തവണ.
ഉരുളി കമഴ്‌ത്തിയപോലൊരു ചേന
തെക്ക് കിഴക്ക് ഏഷ്യയിൽ ഉൽഭവിച്ച ഒരു വിളയായ ചേനയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ആഫ്രിക്കയും ഇന്ത്യയുമൊക്കെയാണ്. ഇന്ത്യയിൽ കേരളം കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാംതന്നെ ധാന്യങ്ങൾക്കു തുല്യമായാണ് ചേന കഴിക്കുന്നത്. പുഴുങ്ങിയും ബേക്ക് ചെയ്‌തും വറുത്തും അച്ചാർ രൂപത്തിലും കറികളിൽ ചേർത്തുമൊക്കെ ചേന ഉപയോഗിക്കുന്നു.
കൊഴുപ്പ് കുറച്ച് ആരോഗ്യം നൽകുന്ന ഒരു ഭക്ഷണമാണ് ചേന. ഇത് പല പോഷകങ്ങളുടെയും ഉറവിടമാണ്. ഇവയിൽ അന്നജം, നാരുകൾ കൂടാതെ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്‌ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും ശേഖരമാണ്. ഇതു കൂടാതെ നല്ല ഫാറ്റി ആസിഡും പ്രോട്ടീനും മിതമായ തോതിൽ അടങ്ങിയിട്ടുണ്ട്.
ചേനയിൽ നാരുകൾ കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനത്തെ സഹായിക്കാനും മലബന്ധം കുറയ്‌ക്കാനും ചേനയ്‌ക്കു കഴിയും. ശരിയായ രീതിയിൽ പാകം ചെയ്‌ത ചേന മിതമായ അളവിൽ സ്ലിമ്മിംഗ് ഫുഡായും ഉപയോഗിക്കാം. എസൻഷ്യൽ ഫാറ്റി ആസിഡ് ഉള്ളതിനാലും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലും ഇവ ഹൃദയരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.
മിക്ക വിറ്റമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ചേന ബാലൻസ്ഡ് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഭക്ഷണമാണ്. ചേനയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് ആന്റിജൻ പ്രോപ്പർട്ടി ഉള്ളതായും പറയപ്പെടുന്നു. ഗ്ലൈസീമിക് ഇൻഡക്‌സു കുറഞ്ഞ ചേന പ്രമേഹ രോഗികളുടെ ഭക്ഷണത്തിലും ഉൾപ്പെടുത്താം. ഇവിടെയും പാചകരീതിയും അളവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചേന പാചകം ചെയ്യുമ്പോൾ തേങ്ങ, തേങ്ങാപാൽ ഇവ അമിതമായി ഉപയോഗിക്കുന്നതും വറുക്കുന്നതും എണ്ണയുടെ കൂടുതലായ ഉപയോഗവും ചേനയുടെ ഗുണ ഗണങ്ങളെ ദോഷമായി ബാധിക്കുന്നു. അമിതമായ ചേനയുടെ ഉപയോഗം കൂടുതൽ ഊർജം ഉള്ളിൽ ചെല്ലാനും അതുവഴി ഇവയുടെ ഗുണങ്ങളെ വിപരീത ദിശയിലാക്കാനും കാരണമാകുന്നു.
ചേമ്പ് ചൊറിയനല്ല
കപ്പയെ പോലെ തന്നെ മലയാളികളുടെ ഇഷ്‌ടഭക്ഷണമാണ് ചേമ്പ്. മറ്റു കിഴങ്ങു വർഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. ചേമ്പ് ആഴ്‌ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു.
അകാല വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന്. ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങിയവയാണ് വാർദ്ധക്യത്തെ തടയുന്ന ഘടകങ്ങൾ. ചേമ്പിൽ ധാരാളം കാർബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയേറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്‌ടമാണ് ചേമ്പ്. ഇത് താരനെയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്‌ക്കുന്നു. വിറ്റാമിൻ സി, എ യും ചേമ്പിൽ അടങ്ങിയിട്ടുണ്ട്. ഉത്കണ്‌ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികരോഗ്യവും സംരക്ഷിക്കുന്നു ഇത്. കൊളസ്‌ട്രോൾ കുറയ്‌ക്കുകയും ഹൃദയാഘാതത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു.
കാച്ചിൽ
ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും. ക്രീം മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. തൊലിക്ക് ചാരം കലർന്ന തവിട്ടു നിറം ആയിരിക്കും. ഉഷ്‌ണമേഖലാ കാലാവസ്ഥയ്‌ക്ക് യോജിച്ചയിനം വിളയാണിവ. ജന്മദേശം ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളാണെന്ന് അനുമാനിക്കുന്നു. നമ്മുടെ കാലാവസ്ഥയിൽ മികച്ച വിളവ് ലഭിക്കും. ലോകത്തിൽ കാച്ചിൽ ഉത്‌പാദനത്തിന്റെ 95 ശതമാനവും ആഫ്രിക്കയിലാണ്. ഇത് വെള്ളക്കാച്ചിൽ അഥവാ ആഫ്രിക്കൻ കാച്ചിൽ (ഡയസ് കോറിയ റോട്ടൺ ഡേറ്റ) എന്നറിയപ്പെടുന്നു.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വടക്ക് കിഴക്കൻ മേഖലകളിലും ഈ വിള കൃഷിചെയ്യുന്നു. തെക്കൻ കേരളത്തിൽ കാച്ചിൽ എന്നും വടക്കൻ കേരളത്തിൽ കാവത്ത് എന്നും അറിയപ്പെടുന്ന വിളയുടെ ശാസ്ത്രനാമം ഡയസ് കോറിയ അലാറ്റയെന്നാണ്. ചെറുകിഴങ്ങിനെ നനകിഴങ്ങെന്നും ചെറുവള്ളിക്കിഴങ്ങെന്നും മുക്കിട കിഴങ്ങെന്നും (ഡയസ്‌കോറിയ എസ്‌കുലന്റ) അറിയപ്പെടുന്നു.
വൈറ്റമിൻ സി, പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയും ഉണ്ട്. ഇവ കൂടാതെ ശക്തിയേറിയ സസ്യ സംയുക്തങ്ങളും ആന്തോസയാനിൻ ഉൾപ്പെടെയുള്ള ആന്റി ഓക്‌സിഡന്റുകളും ഉണ്ട്.
രക്തസമ്മർദവും ഇൻഫ്‌ളമേഷനും കുറയ്‌ക്കാനും കാൻസറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും ആന്തോസയാനിനു കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.കാച്ചിലിൽ ഉള്ള ആന്തോസയാനിനുകൾ ഒരു തരം പോളിഫിനോൾ ആന്റി ഓക്‌സിഡന്റുകളാണ്. പതിവായി പോളിഫിനോൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിവിധയിനം കാൻസറുകൾ വരാനുള്ള സാദ്ധ്യത കുറയ്‌ക്കും. കോളൻ കാൻസർ, ലംഗ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ ഇവയെല്ലാം വരാനുള്ള സാദ്ധ്യത കുറയ്‌ക്കാനും കാച്ചിൽ സഹായിക്കും. ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കാച്ചിലിലെ ഫ്‌ളേവനോയ്ഡുകൾ സഹായിക്കുന്നു. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മർദം കുറയ്‌ക്കാനുള്ള കഴിവുണ്ട്. ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കാച്ചിൽ സഹായിക്കും. റസിസ്റ്റന്റ് സ്റ്റാർച്ചിന്റെ ഉറവിടമാണിത്. വൈറ്റമിൻ എ, സി ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസ്‌തമ കുറയ്‌ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. നാൽപതോളം പഠനങ്ങൾ വിശകലനം ചെയ്‌തപ്പോൾ വൈറ്റമിൻ എ വളരെ കുറച്ചു മാത്രം ശരീരത്തിലെത്തുന്നതും മുതിർന്നവരിലെ ആസ്‌തമയുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞു. ആസ്‌തമയുള്ളവരിൽ ദിവസവും ആവശ്യമായതിന്റെ 50 ശതമാനം വൈറ്റമിൻ എ മാത്രമേ ശരീരത്തിലെത്തുന്നുള്ളൂ. വൈറ്റമിൻ സി കുറവുളളവരിലും ആസ്‌തമ സാദ്ധ്യത 12 ശതമാനം കൂടുതലാണ്. കാച്ചിൽ ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിൻ എ യുടെയും സി യുടെയും കലവറയാണ്.
നന കിഴങ്ങ്
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് നനകിഴങ്ങ്. ഡയസ്‌ക്കോറിയേസി സസ്യ കുടുംബത്തിൽപ്പെടുന്ന നനകിഴങ്ങിന്റെ ശാസ്ത്രനാമം ഡയസ്‌കോറിയ എസ്‌കുലെന്റ എന്നാണ്. 8 മുതൽ 10 മാസങ്ങൾ കൊണ്ട് കിഴങ്ങുകൾ പാകമാകുന്നു.
മുക്കിഴങ്ങ്
നനക്കിഴങ്ങ് നട്ട് കിഴങ്ങ് എടുക്കാതെ മൂന്നു വർഷം കഴിഞ്ഞ് വെട്ടിയെടുത്താൽ കിട്ടുന്നതാണ് മുക്കിഴങ്ങ്. നനക്കിഴങ്ങിന്റെ കാലം കഴിയുമ്പോൾ ഇലയ്‌ക്കു രൂപമാറ്റം ഉണ്ടാകും. വള്ളിയുടെ ചുവട്ടിൽ മുള്ള് നിറഞ്ഞിട്ടുണ്ടാകും. കിഴങ്ങിന്റെ രൂപത്തിലും ഗുണത്തിലും മാറ്റം വരും.
ചെറുവള്ളിക്കിഴങ്ങ്
കാച്ചിൽ വർഗത്തിൽപ്പെട്ട ഒരിനമാണ് ചെറുവള്ളിക്കിഴങ്ങ്. കിഴങ്ങിനു ചുറ്റും രോമകൂപങ്ങൾ നിറഞ്ഞിരിക്കും. വള്ളിക്ക് കനം കുറവായിരിക്കും. ഒരു വള്ളിയിൽ നിന്ന് ലഭിക്കുന്ന കിഴങ്ങുകളുടെ എണ്ണം കൂടുതലായിരിക്കുമെങ്കിലും ഇവയ്ക്ക് വലുപ്പം കുറവായിരിക്കും.
ചെറുകിഴങ്ങ്
കാച്ചിൽ വർഗത്തിൽ തന്നെയാണ് ചെറുകിഴങ്ങും ഉൾപ്പെടുന്നത്. കാർഷിക കാലാവസ്ഥയും നടീൽ സമയവും വളപ്രയോഗവും കാച്ചിൽ കൃഷിയുടേതിന് സമാനമാണ്.