raghopur

രാഘോപൂർ: ഗംഗയാൽ ചുറ്റപ്പെട്ട മണ്ണും ജനതയുമുള്ള രാഘോപൂർ... മുൻ മുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്റി ദേവിയെയും മകൻ മുൻ ഉപമുഖ്യമന്ത്രി തേജസ്വിയെയും വിജയിപ്പിച്ച മണ്ഡലം. ഒരുപക്ഷേ അടുത്ത മുഖ്യമന്ത്രിയും ഇവിടെ നിന്നാകും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി വീണ്ടും മത്സരിക്കുന്നു. നവംബർ മൂന്നിന് മൂന്നുലക്ഷത്തിലേറെ വോട്ടർമാർ തങ്ങളുടെ വിധി വീണ്ടുമെഴുതും.

 ദുരിത ദ്വീപ്

പാട്നയിൽ നിന്ന് അധികം ദൂരെയല്ലാത്ത, രാഘോപുരിന് വി.ഐ.പി മണ്ഡലത്തിന്റെ പത്രാസില്ല. കൃഷി ചെയ്തും കാലി വളർത്തിയും മീൻപിടിച്ചും ജീവിക്കുന്ന തനിനാട്ടിൻപുറത്തുകാരുടെ മണ്ണ്. പല വടക്കേന്ത്യൻ ഗ്രാമങ്ങളിലെയും പോലെ മൺചുമരുകളും പുൽമേഞ്ഞ മേൽക്കൂരയുമുള്ള വീടുകൾ. അടുപ്പ് കത്തിക്കാൻ ചാണകവറളികൾ. തകർന്ന ഇടുങ്ങിയ റോഡുകൾ. ദയനീയ കാഴ്ചയായി ചെറിയ കുട്ടികൾ കടയിലും കൃഷിയിടങ്ങളിലും റോഡരികിലും. വൈദ്യുതിയെത്തിയിട്ടുണ്ട്. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നന്നേകുറവ്.

അക്കരെ കടക്കാൻ പാലം

മണ്ഡലത്തെ കരയുമായി ബന്ധിപ്പിക്കുന്നത് രണ്ട് താത്കാലിക പാലങ്ങളാണ്. ഉള്ള് പൊളളയായ കൂറ്റൻ ഇരുമ്പുവീപ്പകൾ പരസ്പരവും നദിയുടെ അടിത്തട്ടുമായും ബന്ധിപ്പിച്ച് വെള്ളത്തിൽ പൊങ്ങികിടക്കും വിധമുള്ള പിപ പാലങ്ങൾ. കാൽനട യാത്രയ്ക്കാണ് ഇത്തരം പാലങ്ങൾ. രാഘോപുരിലേക്ക് എസ്.യുവികളടക്കം കുതിക്കുന്നത് ഈ പാലങ്ങളിലൂടെയാണ്. മഴക്കാലത്ത് ഗംഗനിറയും. പാലം മുങ്ങും. ദ്വീപ് ഒറ്റപ്പെടും. പിന്നീട് വഞ്ചികൾ ആശ്രയം.

സോഷ്യലിസ്റ്റുകളുടെ മണ്ണ്

മണ്ഡലം രൂപീകരണം മുതൽ സോഷ്യലിസ്റ്റ് പാർട്ടികൾക്ക് മാത്രം ജയം.1995ലാണ് ലാലു രാഘോപുരിൽ ആദ്യമായി മത്സരിക്കുന്നത്. 2005വരെ അദ്ദേഹം തുടർന്നു. 2005 മുതൽ 2010 വരെ റാബ്‌റി ദേവി എം.എൽ.എയായി. 2010ൽ ജെ.ഡി.യു സ്ഥാനാർത്ഥി സതീഷ്‌കുമാർ യാദവ് റാബ്‌റിയെ അട്ടിമറിച്ചു. 2015ൽ ആർ.ജെ.ഡി, കോൺഗ്രസ്,ജെ.ഡി.യു സഖ്യ പിന്തുണയോടെ കന്നിമത്സരത്തിന് തേജസ്വി ഇറങ്ങി. സീറ്റുകിട്ടാത്ത സോഷ്യലിസ്റ്റ് സതീഷ്‌കുമാർ ബി.ജെ.പിയിൽ ചേർന്ന് എതിർത്തു. യുവ യാദവ് തന്നെ ജയിച്ചു.

തേജസ്വി വെള്ളം കുടിക്കുമോ?

രണ്ടു ലക്ഷത്തോളം യാദവരുണ്ട് മണ്ഡലത്തിൽ. പ്രധാന എതിരാളികൾ രണ്ടും യാദവർ. രജപുത്തുകൾ അരലക്ഷത്തിലേറെ. പാസ്വാൻമാർ 20,000ത്തോളം. മുസ്‌ലിങ്ങൾ അതിന് മുകളിലും.

ബി.ജെ.പി, ആർ.ജെ.ഡി, എൽ.ജെ.പി ത്രികോണമത്സരമാണ് മണ്ഡലത്തിൽ. സതീഷ്‌കുമാർ യാദവ് തന്നെയാണ് ഇക്കുറിയും ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പിയും ജെ.ഡി.യുവും ഒറ്റക്കെട്ടാണ്. സതീഷ്‌കുമാർ പൂർണസമയം മണ്ഡലത്തിലുണ്ട്. യാദവ് സമുദായക്കാരൻ കൂടിയായ കേന്ദ്രമന്ത്രി നിത്യാനന്ദ റായ് അടക്കമെത്തി പ്രചാരണത്തിന്. ചിരാഗ് പാസ്വാന്റെ എൽ.ജെ.പി രജപുത്തുകാരനായ രാകേഷ് റോഷനെയാണ് നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി പോകേണ്ട രജപുത്ത് വോട്ടിൽ വിള്ളലുണ്ടായാൽ തേജസ്വിക്ക് ആശ്വാസം.

തേജ‌സ്വി സംസ്ഥാനം മുഴുവൻ ഓടിനടന്ന് വോട്ടുചോദിക്കുകയാണ്. ദിവസം 17 റാലികളിൽ വരെ പങ്കെടുക്കുന്നുണ്ട്. എന്നാൽ രാഘവ്പുരിൽ ആകെ മൂന്നു തവണയെ എത്തിയുള്ളൂവെന്ന് രാംപ്രകാശ് പറഞ്ഞു. തേജസ്വി മുഖ്യമന്ത്രിയായാൽ ഇവിടെ നാലുവരി പാലമെത്തുമെന്നാണ് വിശ്വാസമെന്ന് ആർ.ജെ.‌ഡി പ്രാദേശിക നേതാവ് പങ്കജ് കുമാർ പറഞ്ഞു. കോളേജ് കൊണ്ടുവരും. ആശുപത്രി നന്നാക്കും.

പ്രായം പിന്നിട്ടവർ ലാലു ഓർമ്മകളിലാണ്. വെറും കാട്ടുപ്രദേശമായിരുന്ന ഇവിടെ ഇപ്പോഴുള്ള വഴിയും വൈദ്യുതി വെളിച്ചവുമെത്തിച്ചത് അദ്ദേഹമാണെന്നതിൽ അവർക്ക് തർക്കമില്ല.