crpf

ന്യൂഡൽഹി: നാവിക സേനയ്ക്ക് പിന്നാലെ ഫേസ്ബുക്ക് ഉപയോഗത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് ജവാൻമാർക്ക് നിർദേശം നൽകി സി.ആർ.പി.എഫും. തന്ത്ര പ്രധാന വിവരങ്ങൾ ചോർത്തുന്നതിന് ശത്രു രാജ്യങ്ങൾ ജവാൻമാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്നാണിത്.

ജമ്മുകാശ്‌മീർ ഉൾപ്പടെ തന്ത്രപ്രധാനമായ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരോടാണ് നി‌ർദ്ദേശം.

ജവാൻമാരുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ളവരുടെ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണ് വിവരങ്ങൾ ചോർത്തുന്നത്. അതിർത്തിയിൽ അടക്കം പ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ജവാൻമാരുടെ വിവരങ്ങൾ ഇത്തരം വ്യാജ പ്രൊഫൈലുകൾ വഴി ചോർത്തും. ജോലി സമയം, ഉത്തരവാദിത്വങ്ങൾ, ജോലി ചെയ്യുന്ന സ്ഥലത്തെ ഭൂപ്രകൃതി, പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർത്തുന്നത്.

അതിനാൽ ഇത്തരം വിവരങ്ങൾ ഫേസ്ബുക്ക് വഴി പങ്കുവയ്ക്കരുതെന്നാണ് സി.ആർ.പി.എഫ് ജവാൻമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനും അതിർത്തി കടന്നെത്തുന്ന ശത്രു രാജ്യങ്ങളിലെ സൈനികർക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉൾപ്പെടെ അറിയുന്നതിനുമാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് സൂചന.

ഭീകര സംഘടനകൾക്ക് ഇത്തരം വിവരങ്ങൾ കൈമാറുന്നതായും റിപ്പോർട്ടുണ്ട്.

നേരത്തെ ജവാന്മാരുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർക്ക് ഈ വ്യാജ അക്കൗണ്ടുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് പോയതായാണ് ജവാന്മാർ പരാതിപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.

തന്ത്രപ്രധാന വിഷയങ്ങൾ ചോരുന്നത് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ നാവികത്താവളങ്ങൾ, നിർമ്മാണശാലകൾ തുടങ്ങിയ ഇടങ്ങളിൽ സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കരുതെന്ന് സേനാംഗങ്ങൾക്ക് നാവിക സേന നിർദ്ദേശം നൽകിയിരുന്നു.

 സഹായമായി 'സായി'

ഫേസ്ബുക്ക്,​ ഇൻസ്റ്റഗ്രാം,​ ടിക് ടോക്,​ പബ്‌ ജി,​ സൂം തുടങ്ങി 89 ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ സൈനികർക്ക് ഉത്തരവ് നൽകിയതിന് പിന്നാലെ ഇന്ത്യൻ കരസേന സ്വന്തം ഉപയോഗത്തിന് മൊബൈൽ ആപ്ലിക്കേഷൻ 'സായി" (സെക്യൂർ ആപ്ലിക്കേഷൻ ഫോർ ദ ഇന്റർനെറ്റ്" വികസിപ്പിച്ചിരുന്നു. ഇതിലൂടെ വാട്സാപ്പ് മാതൃകയിൽ ശബ്ദ സന്ദേശങ്ങളും ടെക്‌സ്റ്റ് സന്ദേശങ്ങളും അയയ്‌ക്കാനും വിഡിയോ കാളുകൾ നടത്താനും കഴിയും. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ആപ്പ് അതീവ സുരക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.