wig

ന്യൂഡൽഹി: അകാലത്തിലെത്തിയ കഷണ്ടി മറയ്ക്കാൻ പാടുപെടുന്ന നായകൻ. വിഗ് വച്ച് വിവാഹം കഴിക്കുകയും ആദ്യ രാത്രി കഷണ്ടി വെളിച്ചത്തായി അവസാനം വിവാഹം മോചനത്തിൽ അവസാനിക്കുന്ന ഹിന്ദി ചിത്രമാണ് ആയുഷ്മാൻ ഖുറാനയുടെ 'ബാല". മുംബയിലെ ദമ്പതികളുടെ ജീവിതത്തിൽ ഈ സിനിമ യാഥാർത്ഥ്യമായിരിക്കയാണ്.

കഷണ്ടിയാണെന്നത് മറച്ചു വച്ച് വിവാഹം കഴിച്ച യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് മുംബയ് സ്വദേശിയായ നവ വധു. ചാർട്ടേഡ് അക്കൗണ്ടന്റായ 27കാരിയാണ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 29കാരനായ ഭർത്താവിനെതിരെ നയാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീടാണ് ഭർത്താവിന് തലയിൽ മുടിയില്ലെന്ന കാര്യം യുവതി അറിഞ്ഞത്. ഇതോടെ വിശ്വാസ വഞ്ചനയ്ക്ക് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകി. കേസെടുത്ത പൊലീസ് യുവാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.

വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് കഷണ്ടിയാണെന്നും വിഗ് ധരിച്ചിരിക്കുകയാണെന്നും മനസിലായതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവാവ് കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. യുവാവ് മുൻകൂർ ജാമ്യത്തിനായി താനെ കോടതിയെ സമീപിച്ചിരിക്കുകയാണ്.