jha

മഹാസഖ്യത്തിന്റെ മുഖ്യ ശില്‌പി മനോജ് ഝായുമായുള്ള അഭിമുഖം

ബീഹാറിൽ ജാതിയടിസ്ഥാനത്തിലുള്ള ചെറുകക്ഷികൾക്ക് പകരം ഇടതുപക്ഷത്തിന് കൂടുതൽ പ്രാതിനിദ്ധ്യം നൽകി ആർ.ജെ.ഡി, കോൺഗ്രസ് മഹാസഖ്യത്തിലേക്ക് അണിചേർക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ആർ.ജെ.ഡി എം.പി പ്രൊഫ. മനോജ് ഝാ. തേജസ്വിയാദവിന്റെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവ്. ലാലു പ്രസാദ് യാദവിന്റെ സാമൂഹ്യനീതി മുദ്രാവാക്യത്തോടൊപ്പം തേജസ്വി സാമ്പത്തിക നീതികൂടി മുന്നോട്ടുവയ്ക്കുന്നതി​ന് പിന്നിൽ മനോജ് ഝാ തന്നെയാണ്.

എൻ.ഡി.എയ്ക്ക് അനുകൂലമായ ഒപ്പീനിയൻ പോളുകളെ തള്ളിയ അദ്ദേഹം മഹാസഖ്യം അധികാരമുറപ്പിച്ചെന്ന ആത്മവിശ്വാസവും പങ്കുവച്ചു. ലാലുപ്രസാദ് യാദവിന്റെ അഭാവത്തിൽ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യവേദികളിലെല്ലാം ആർ.ജെ.ഡിയുടെ സജീവ സാന്നിദ്ധ്യമായ മനോജ് ഝാ പാട്നയിൽ വച്ച് കേരളകൗമുദിയോട് സംസാരിച്ചു.

നിർണായക തിരഞ്ഞെടുപ്പിൽ ലാലുപ്രസാദ് യാദവിന്റെ അഭാവം നിഴലിക്കുന്നുണ്ടോ?

ലാലുജിയുടെ പ്രത്യക്ഷസാന്നിദ്ധ്യമില്ലെങ്കിലും മാനസികമായി അദ്ദേഹം ഒപ്പമുണ്ട്. ബീഹാർ അദ്ദേഹത്തെ മിസ് ചെയ്യുന്നു. ആ വിടവ് തേജസ്വി നികത്തുകയാണ്. ലാലുജിയുടെ സന്ദേശവും തേജസ്വി ജനങ്ങളോട് പങ്കുവയ്ക്കുന്നുണ്ട്.

തേജസ്വിക്ക് 31 വയസേയുള്ളൂ. നേതാവെന്ന നിലയിലുള്ള വളർച്ച?

ബീഹാർ അവരുടെ നേതാവിനെയും വികസന രാഷ്ട്രീയത്തെയും തിരഞ്ഞെടുത്ത് കഴിഞ്ഞു. തേജസ്വി ഉന്നയിക്കുന്ന വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെ റാലികളിലെത്തുന്നത് ആൾക്കൂട്ടമല്ല. ജനസമുദ്രമാണ്.

രണ്ടാംഘട്ട വോട്ടെടുപ്പിലേക്കെത്തുമ്പോൾ എങ്ങനെ വിലയിരുത്തുന്നു?

അനുകൂലമാണ് റിപ്പോർട്ടുകളെല്ലാം. ആദ്യ ഘട്ടത്തിലെ 71 സീറ്റിൽ 55ലേറെയും മഹാസഖ്യം വിജയിക്കും. 5 സീറ്റുകളിൽ ഒപ്പത്തിനൊപ്പമുള്ള മത്സരമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി യഥാർത്ഥ ജീവിതപ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്. മറ്റു വൈകാരിക വിഷയങ്ങളിലേക്ക് പ്രചാരണം വഴിതിരിച്ചുവിടാൻ ജനങ്ങൾ അനുവദിച്ചില്ല. കൊവിഡ് ലോക്ക്ഡൗണിൽ റോഡിൽ കിടന്നും റെയിൽവേ ട്രാക്കിൽ കിടന്നും ആളുകൾ മരിക്കുന്നത് ബീഹാർ കണ്ടതാണ്. ബീഹാറിലെ ജനങ്ങൾക്ക് നല്ല ഓർമ്മശക്തിയുണ്ട്.

നിരാശപൂണ്ടാണ് ബി.ജെ.പി നേതാക്കളും ചില ജെ.ഡി.യു നേതാക്കളും അയോദ്ധ്യ, ആർട്ടിക്കിൾ 370 തുടങ്ങിയ വിഷയങ്ങളുയർത്തുന്നത്. യഥാർത്ഥ ജീവിത പ്രശ്‌നങ്ങളിലൂന്നി വേണം തിരഞ്ഞെടുപ്പ് പോരാട്ടം നടത്താൻ എന്നതിൽ ബീഹാർ രാജ്യത്തിന് വഴികാട്ടും.

പത്തുലക്ഷം തൊഴിൽ വാഗ്ദാനം?

സർക്കാർ മേഖലയിൽ പത്തുലക്ഷം തൊഴിൽ വാഗ്ദാനത്തെ കളിയാക്കിയ നിതീഷ് കുമാർ ബീഹാറിലെ യുവാക്കളെയാണ് പരിഹസിച്ചത്. നിതീഷ്‌ സർക്കാരിന്റെ കണക്കുപ്രകാരം 4.50 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പൊലീസ്, ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ, അദ്ധ്യാപകർ, പഞ്ചായത്ത്, ബ്ലോക്ക് തല ഓഫീസുകൾ തുടങ്ങി നി​രവധി​ ഒഴി​വുകൾ നി​കത്തി​യാൽ തന്നെ 5.50 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാം. നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിക്കുന്ന ഒഴിവുകളും കണക്കാക്കിയാൽ തന്നെ സർക്കാർ മേഖലയിൽ പത്തുലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകാൻ കഴിയും. അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. അത് തേജസ്വിക്ക് ഉണ്ട്.

നിതീഷ് എന്തുകൊണ്ടാണ് സഖ്യം വിട്ടത്?

2015ൽ ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് മഹാസഖ്യത്തിനൊപ്പമായിരുന്നു ജനവിധി. പക്ഷേ എന്തുകൊണ്ട് നിതീഷ്‌കുമാർ സഖ്യംവിട്ടു? ഭയമാണോ, സമ്മർദ്ദമാണോ എന്തായാലും അത് പിന്നീട് പുറത്തുവരും. ജനവിധിയെ അദ്ദേഹം വിറ്റത് ജനങ്ങൾ മറന്നിട്ടില്ല.

മഹാസഖ്യത്തിലെ കോൺഗ്രസും സി.പി.എമ്മും കേരളത്തിലടക്കം ഇരുധ്രുവങ്ങളിലാണ്?

കേരളത്തിലടക്കം പ്രാദേശിക തലത്തിലെ രാഷ്ട്രീയസാഹചര്യം വ്യത്യസ്തമാണ്. ബീഹാറിൽ മഹാസഖ്യം ഒറ്റക്കെട്ടാണ്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ ബീഹാറിൽ ഇടതുപക്ഷം അത്രശക്തമല്ല. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഒരുമിക്കുമ്പോഴുണ്ടാകുന്ന കുതിപ്പ് പ്രത്യക്ഷമായ അക്കങ്ങളെ മറികടക്കും. അതാണ് ബീഹാറിൽ കാണുന്നത്. അധികാരം ലഭിച്ചാൽ സഖ്യത്തിലെ എല്ലാ കക്ഷികളും ഭരണത്തിൽ പങ്കാളികളാകണമെന്നാണ് ആർ.ജെ.ഡി ആഗ്രഹിക്കുന്നത്.

ദേശീയതലത്തിലും മഹാസഖ്യം?

രാജ്യത്തെ രാഷ്ട്രീയം മാറിയിട്ടുണ്ട്. നാം ചിന്തിക്കുന്നതിലപ്പുറം വിഭവശേഷിയുള്ള ബി.ജെ.പിയെന്ന രാഷ്ട്രീയ ശക്തിയെയാണ് നേരിടുന്നത്. പ്രാദേശിക രാഷ്ട്രീയമെന്നത് ഇപ്പോൾ മുഖ്യധാരയിലേക്ക് വന്നിരിക്കുകയാണ്. അത് എല്ലാ പാർട്ടികളും ബഹുമാനിക്കണം.
ദേശീയതലത്തിലും ഒരു മഹാസഖ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.