rahul

ന്യൂഡൽഹി : വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ കേസ് പ്രതിയായിരുന്ന സരിത എസ്. നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പലതവണ കേസ് എടുത്തിട്ടും സരിത ഹാജരായിരുന്നില്ല. ബാലിശമായ കേസ് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

തന്റെ നാമനിർദ്ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്. സരിതയുടെ ഹർജി നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികൾ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികൾ തള്ളിയത്.

എന്നാൽ തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹർജി നൽകിയത്.