kamalnath

ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് കമൽനാഥിന്റെ താരപ്രചാരക പദവി റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.

ജനപ്രാതിനിധ്യ നിയമത്തിലെ അനുച്ഛേദം 77 പ്രകാരം ഒരു പാർട്ടിയുടെ നേതാവ് ആരായിരിക്കണമെന്ന് നിശ്ചയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് എവിടെയാണ് അധികാരമുള്ളത്. ഞങ്ങൾ ഈ ഉത്തരവ് സ്റ്റേ ചെയ്യുകയാണ്. നിങ്ങൾക്ക് ഈ ഉത്തരവ് പാസാക്കാൻ യാതൊരു അധികാരവുമില്ല.' മൂന്നംഗ ബെഞ്ച് പറഞ്ഞു. കമൽനാഥ് ഫയൽ ചെയ്ത പെറ്റീഷന് മറുപടി നൽകാനും കോടതി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സമർപ്പിച്ച 28 താരപ്രചാരകരുടെ പട്ടികയിൽ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കമൽനാഥിന്റെ പദവി റദ്ദാക്കിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ഒക്ടോബർ 13ന് കമൽനാഥ് നടത്തിയ പരാമർശവും ഒക്ടോബർ 18ന് ഇമർതി ദേവിക്കെതിരെ നടത്തിയ പരാമർശവുമാണ് നടപടിക്കു കാരണമായി പറഞ്ഞത്.