ന്യൂഡൽഹി: 2017 മുതലുള്ള മൂന്ന് അദ്ധ്യയന വർഷത്തിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനർനിർണയിക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരും ഫീസ് നിർണയ സമിതിയും ഉൾപ്പെടെയുള്ള കേസിലെ എതിർകക്ഷികൾക്കാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരേ കരുണ മെഡിക്കൽ കോളേജും ആഞ്ജനേയ മെഡിക്കൽ ട്രസ്റ്റും നൽകിയ ഹർജിയിലാണ് നടപടി. വാർഷിക ഫീസ് നിർണയിക്കാൻ ഹൈക്കോടതി സമിതിക്ക് മടക്കുന്നത് ഇത് നാലാം തവണയാണെന്നും വാർഷിക ഫീസ് ഹൈക്കോടതി നിർണയിക്കണം എന്നാണ് തങ്ങളുടെ ആവശ്യമെന്നുമാണ് മാനേജുമെന്റുകളുടെ വാദം. സർക്കാരിന്റെ ഹർജിക്ക് ഒപ്പം സ്വകാര്യ കോളേജുകളുടെയും ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചിട്ടുണ്ട്.