ന്യൂഡൽഹി: കൊവിഡിൽ ജീവിതം തകർന്ന ചായക്കടക്കാരായ വൃദ്ധദമ്പതികളെ ഹിറ്റാക്കിയ യുട്യൂബറെക്കുറിച്ചുള്ള വാർത്ത അടുത്തിടെ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ അതേ യൂട്യൂബർ പണം തട്ടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ.
ഡൽഹിയിലെ മാളവ്യ നഗറിൽ 'ബാബ കാ ദാബ' എന്ന ഭക്ഷണശാല നടത്തിവരുന്ന 80 കാരനായ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബർ ഗൗരവ് വാസനെതിരെ പൊലീസിൽ പരാതി നൽകിയത്. തങ്ങൾക്കായി സംഭാവനയെന്ന പേരിൽ ഗൗരവ് വാസൻ ഓൺലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കാന്തപ്രസാദിന്റെ പരാതി. ലോക്ക്ഡൗൺ തങ്ങളുടെ ജീവിതം തകർത്തുവെന്നും ജീവിക്കാൻ വഴിയില്ലെന്നും പൊട്ടിക്കരയുന്ന ഇവരുടെ വീഡിയോയാണ് ഗൗരവ് വാസൻ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചത്.
എന്നാൽ, ഇവരെ സഹായിക്കാനായി ഏകദേശം 2025 ലക്ഷം സ്വരൂപിച്ചെങ്കിലും തനിക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മാത്രമാണ് ഗൗരവ് നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റുകൾക്കൊപ്പം ഗൗരവ് നൽകിയത് അയാളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. വാസൻ തന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് വിശദാംശങ്ങളും മൊബൈൽ നമ്പറുകളും മാത്രമാണ് പങ്കുവച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളൊന്നും യൂട്യൂബർ തനിക്ക് നൽകിയിട്ടില്ലെന്നും ബാബ കാ ധാബ ഉടമ ആരോപിച്ചു. മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ ഞായാറാഴ്ചയാണ് പരാതി നൽകിയത്. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ താക്കൂർ പറഞ്ഞു.