ന്യൂഡൽഹി: എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബീഹാറിലെ ഹിന്ദുസ്ഥാനി അവാം മോർച്ചാ (എച്ച്.എ.എം) നേതാവ് ജിതൻ റാം മാഞ്ചി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കഴിഞ്ഞ മാസമാണ് ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഡൽഹിയിൽ രാംവിലാസ് പാസ്വാൻ അന്തരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കാണാൻ പോലും വരാത്ത ആളാണ് ജിതൻ റാം മാഞ്ചിയെന്ന് രാംവിലാസ് പാസ്വാന്റെ മകനും എൽ.ജെ.പി നേതാവുമായ ചിരാഗ് പാസ്വാൻ പ്രതികരിച്ചു. രാംവിലാസ് പാസ്വാന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ ചിരാഗ് പാസ്വാന്റെ നേരെ നിരവധി ചോദ്യങ്ങളുയരുന്നുണ്ടെന്ന് എച്ച്.എ.എം വക്താവ് ഡാനിസ് റിസ്വാൻ പറഞ്ഞു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയവർ സ്വയം നാണംകെടുകയാണെന്ന് ചിരാഗ് പ്രതികരിച്ചു. പിതാവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഫോണിൽ അറിയിച്ചിട്ടും ജിതൻ റാം മാഞ്ചി കാണാൻ വന്നില്ല. മരണശേഷം മാഞ്ചി അടുപ്പം കാണിക്കുന്നതിന്റെ അർത്ഥം മനസിലാകുന്നില്ല. മരിച്ച ആളിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ചിരാഗ് കുറ്റപ്പെടുത്തി.