ന്യൂഡൽഹി: കൊവിഡ് വ്യാപനം കൂടുന്ന മേഖലകളിൽ ആർ.ടി പി.സി.ആർ പരിശോധനകൾ വർദ്ധിപ്പിക്കാനും മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. ഉൽസവ സീസണിൽ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങിയതും അന്തരീക്ഷ മലിനീകരണം, ശൈത്യം തുടങ്ങിയ ഘടകങ്ങളും ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗ വ്യാപനം കൂട്ടിയെന്ന് യോഗം വിലയിരുത്തി. രോഗവ്യാപന തോത് നിർണയിക്കാൻ പരിശോധനകളുടെ എണ്ണം കൂട്ടി, സമ്പർക്ക പട്ടിക, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യോഗം നിർദ്ദേശിച്ചു.