ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികളിൽ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജർ സമുദായാംഗങ്ങൾ നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് റെയിൽവേ ഇന്നലെയും മൂന്നു ട്രെയിനുകൾ റദ്ദാക്കി. 28 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഡൽഹിയിലേക്കും ഡെറാഡൂണിലേക്കുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
ഭരത്പൂർ ജില്ലയിൽ പ്രക്ഷോഭകാരികൾ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു. സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ഗുജ്ജർ നേതാവ് കിരോരി സിംഗ് ബൻസാല പറഞ്ഞു. ഒക്ടോബർ 17ന് ചേർന്ന ഗുജ്ജർ മഹാപഞ്ചായത്ത് തീരുമാന പ്രകാരമാണ് സമരം തുടങ്ങിയത്. 2008ൽ നടന്ന സംവരണ പ്രക്ഷോഭം അക്രമാസക്തമാകുകയും 70 പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. അന്ന് ഗുജ്ജർ നേതാക്കൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.