modi

പ്രശസ്‌ത ചിന്തകരായ അരിസ്‌റ്റോട്ടിൽ, പ്ളേറ്റോ, സോക്രട്ടീസ്, കാൾ മാർക്‌സ് തുടങ്ങിയവരെല്ലാം താടിയുള്ളവരായിരുന്നു. നീണ്ട താടി തടവിയാണ് അവർ ചിന്തകളുടെ മഹത് ഗോപുരങ്ങൾ കയറിപ്പോയത്. ഹിന്ദു പുരാണങ്ങളിലെ സന്ന്യാസിമാർ മിക്കവരും താടിവച്ചിരുന്നു. ഇപ്പോഴും സ്വാമിമാർക്ക് താടി മസ്‌റ്റാണ്. ക്രൈസ്‌തവ - ഇസ്ളാം പുരോഹിതൻമാരും താടിവയ്‌ക്കാറുണ്ട്. അതായത് ആത്മീയ ചിന്തകളിലുമുണ്ട് നീണ്ട താടികൾ. എന്നാൽ ഇവിടെയിപ്പോൾ ഒരു താടി വളർന്നുവരുന്നതാണ് ചിന്തകൾക്ക് ആധാരം. കൊവിഡ് പ്രത്യക്ഷപ്പെട്ട മാർച്ച് മുതൽ അതങ്ങനെ വളർന്ന് കീഴ്പ്പോട്ടിറങ്ങുന്നതിനെ ചൊല്ലി പലവഴിക്കാണ് ചിന്തകൾ. നേരത്തെ കാര്യത്തിലേക്ക് വരാം. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയാണ്. അതു വെട്ടാതെ നീട്ടി വളർത്തുന്നതിനെക്കുറിച്ചാണ്.

ടെലിവിഷനിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെടാറുള്ള പബ്ളിക് ഫിഗർ എന്ന നിലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വരുന്ന ഒാരോ മാറ്റവും ജനം ശ്രദ്ധിക്കും. താടിയിലും മുടിയിലും കുർത്തയിലുമെല്ലാം മോദി ടച്ച് വരുത്താൻ അദ്ദേഹവും ശ്രമിക്കാറുണ്ടല്ലോ. മാർച്ച് 24 ന് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തെ വെട്ടിയൊതുക്കിയ താടിയല്ല ഇപ്പോൾ പ്രധാനമന്ത്രിക്കുള്ളത്. അതിനാൽ പ്രധാനമന്ത്രിയുടെ താടി നാട്ടിലെ വലിയൊരു ചർച്ചാ വിഷയവുമായി.

ലോക്ക്ഡൗൺ കാലത്തെ താടി

ഏപ്രിൽ 14ന് ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പ്രഖ്യാപിക്കാൻ രാജ്യത്തെ അഭിസംബോധന ചെയ്‌ത സമയത്ത് താടിയിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ബാർബർ ഷോപ്പുകൾ മുടങ്ങി പലരും നിർബന്ധിത താടിക്കാരായി മാറിയതിനാൽ അന്നാരും കാര്യമാക്കിയില്ല. മെയ് 12 ന് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ താടി കൂടുതൽ വളർത്തിയ നരേന്ദ്രമോദിയെയാണ് കണ്ടത്. പിന്നീട് ബാർബർമാർ പണി തുടങ്ങി താടികളെ വെട്ടിനിരത്താൻ തുടങ്ങിയപ്പോഴും പ്രധാനമന്ത്രിയുടെ കാര്യത്തിൽ കാര്യങ്ങൾ മാറ്റമില്ലാതെ തുടർന്നു. ടിവിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോഴും വീഡിയോ കോൺഫറൻസ് വഴി വിവിധ പരിപാടികളിൽ വരുമ്പോളും താടിയുടെ വളർച്ച വ്യക്തമായിരുന്നു.

അതോടെ മോദിയുടെ താടിയെക്കുറിച്ച് കുലങ്കഷമായ ചർച്ചകളായി. ആഗസ്‌റ്റ് ആദ്യവാരം അയോദ്ധ്യയിൽ രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പാണെന്ന് ചിലർ പറഞ്ഞു. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലി വിവാദങ്ങളുമുണ്ടായല്ലോ. ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രിക്ക് ഒരു സന്ന്യാസിശ്രേഷ്‌ഠന്റെ ഗാംഭീര്യമൊക്കെയുണ്ടായിരുന്നു. എന്നാൽ ചടങ്ങു കഴിഞ്ഞിട്ടും അദ്ദേഹം താടി എടുത്തില്ല. അതു വളർന്നുകൊണ്ടിരുന്നു.

താടിയും കൊവിഡും

നാടകീയത ഇഷ്‌ടപ്പെടാത്തവരില്ല. രാഷ്‌ട്രീയത്തിൽ അതിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ച് ഫലിപ്പിക്കുന്ന നേതാവാണ് നരേന്ദ്രമോദി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷം ആദ്യമായി പാർലമെന്റിലെത്തിയ അദ്ദേഹം പടിയിൽ തലമുട്ടിച്ച് വണങ്ങിയത് ഓർമ്മയില്ലേ. തുടർന്ന് സെൻട്രൽ ഹാളിൽ വൈകാരികമായ പ്രസംഗവും നടത്തി. രാഷ്‌ട്രീയ റാലികളിലും പാർലമെന്റിലും പ്രസംഗങ്ങളിൽ ശബ്‌ദനിയന്ത്രണവും നാടകീയ അവതരണവും മോദി സ്‌റ്റൈലാണ്. 2016ന് നവംബർ എട്ടിന് രാത്രി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തിലെ നാടകീയത ഇന്ത്യക്കാർ ഒരിക്കലും മറക്കില്ല.

മോദി കൊവിഡ് മഹാമാരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് താടി വളർത്തുകയാണെന്ന ചർച്ചയാണ് ഇപ്പോൾ കൂടുതൽ സജീവം. മഹാമാരിയെ നിയന്ത്രണ വിധേയമാക്കിയിട്ടേ താടിവെട്ടൂ എന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ടെന്ന് വ്യാപകമായി പ്രചരിക്കുന്നു. കൊവിഡിനെ തുരത്തിയ ശേഷം മോദി താടിവെട്ടിയൊതുക്കി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ.

താടിയും രാഷ്‌ട്രീയവും
ഇന്ത്യൻ പുരുഷ പ്രധാനമന്ത്രിമാരിൽ ചന്ദ്രശേഖർ, ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിംഗ് എന്നിവർക്കും താടിയുണ്ടായിരുന്നു. പക്ഷേ ഇന്ത്യൻ രാഷ്‌ട്രീയക്കാരിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഷിബു സോറനെപ്പോലെയുള്ളവരെ മാറ്റി നിറുത്തിയാൽ നീട്ടിവളർത്തിയ താടി അധികം പേർക്കില്ല. എന്നാൽ നീട്ടിയ താടിയുടെ രാഷ്‌ട്രീയ പ്രസക്തി നരേന്ദ്രമോദി മുന്നിൽ കാണുന്നുണ്ടെന്ന ചില രാഷ്‌ട്രീയ വിലയിരുത്തലുകളുമുണ്ട്. ഒരുതരം ഇമേജ് ബിൽഡ് അപ്പിന്റെ ഭാഗമാണെന്ന്.

വാക്സിനൊക്കെ വന്നാലും അടുത്ത വേനൽക്കാലത്തും കൊവിഡ് ഇവിടെയൊക്കെ കാണുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഏപ്രിൽ മാസം കേരളം, തമിഴ്നാട്, പശ്‌ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാകും. ആ തിരഞ്ഞെടുപ്പ് ചൂടിലേക്ക് താടിവളർത്തിയ മോദി വരുന്നത് ഒരു പുതിയ സാത്വിക പരിവേഷത്തോടെയാകും. തമിഴ്നാട്ടിൽ ദ്രാവിഡ കഴകം സമരനായകനായ നീണ്ട താടിയുള്ള പെരിയോറിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ. പശ്ചിമ ബംഗാളിൽ നീണ്ട ജുബ്ബയും നീണ്ട താടിയുമായി മഹാകവി രവീന്ദ്രനാഥ ടാഗോറിനെപ്പോലെ. തിരഞ്ഞെടുപ്പില്ലെങ്കിലും മഹാരാഷ്‌ട്രയിൽ ചെന്നാൽ മറാഠികൾക്ക് അവരുടെ വീരപുത്രൻ ഛത്രപതി ശിവാജിയെപ്പോലെയാകും മോദി.

മോദി ഫാഷൻ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന അഭിമുഖത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ മോദിയുടെ വേഷവിധാനങ്ങളെക്കുറിച്ചും താടിയെക്കുറിച്ചും ചോദിച്ചിരുന്നു. ചെറിയ ബാഗിനുള്ളിൽ കൂടുതൽ വസ്‌ത്രങ്ങൾ കുത്തിനിറയ്‌ക്കാനുള്ള സൗകര്യത്തിന് മുഴുക്കയ്യൻ കുർത്ത വെട്ടി അരക്കയ്യനാക്കിയെന്നും അത് പിന്നീട് ഫാഷനായെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും മോദി കുർത്ത ഇന്ന് ലോകപ്രശസ്‌തമാണ്. മുൻപ് ഇന്ത്യയിൽ നിന്ന് നെഹ്റു ജാക്കറ്റ് മാത്രമായിരുന്നു ഒരു നേതാവിന്റെ ബ്രാൻഡായി അറിയപ്പെട്ടിരുന്നത്. 'മോദി താടി' എന്നൊരു ബ്രാൻഡിന് ഇപ്പോൾ സ്‌കോപ്പുണ്ട്. പൊതുപ്രവർത്തകനായിരുന്ന കാലം മുതൽ മോദിയുടെ മുഖത്ത് താടിയുമുണ്ടായിരുന്നു. വെട്ടിയൊതുക്കിയ താടിയായിരുന്നു സ്ഥിരം വേഷം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും താടി നിയന്ത്രിച്ചു നിറുത്തി. 2014 മുതൽ ഇങ്ങോട്ട് താടിയിൽ അദ്ദേഹം പല പരീക്ഷണങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും താഴോട്ട് വളർത്തുന്നത് ആദ്യം. മാത്രമല്ല, ഈയിടെ പ്രത്യക്ഷപ്പെടുന്ന മോദി മുഖത്തിന് സാത്വിക പരിവേഷമൊക്കെയുണ്ട്. അതുതന്നെയാണോ അദ്ദേഹത്തിന്റെ ലക്ഷ്യം?

സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച

ഇന്ന് ഏതുവിഷയവും ഏറ്റവുമധികം പ്രതിഫലിക്കുന്ന സമൂഹമാദ്ധ്യമങ്ങളിലും മോദിയുടെ താടിയെക്കുറിച്ച് വൻ ചർച്ചയാണ്. വിമർശകരും അനുകൂലികളും താടിയെ ചൊല്ലി കൊമ്പുകോർക്കുന്നു. രാജ്യത്തെ സാമ്പത്തിക വളർച്ചയും മോദിയുടെ താടിയും ഒരേ ദിശയിലെന്ന് ഒരു വിമർശകൻ. കൊവിഡ് നിയന്ത്രിച്ച ശേഷമെ താടി വെട്ടൂ എന്ന് അനുകൂലി. ഒരു ദിവസം രാത്രി എട്ടുമണിക്ക് താടിവെട്ടിയ മോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുമെന്ന് ഒരു രസികന്റെ കമന്റ്. പ്രധാനമന്ത്രിയെപ്പോലെ താടി വളർത്തണമെന്ന് മകന് ആഗ്രഹമെന്ന് ഒരമ്മയുടെ വെളിപ്പെടുത്തൽ!

യു.എസ് അദ്ധ്യക്ഷൻ ബറാക് ഒബാമയ്‌ക്കൊപ്പമുള്ള ചടങ്ങിൽ പത്തുലക്ഷം രൂപ വിലയുള്ള സ്യൂട്ട് ധരിച്ചതുപോലെ വിവാദങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ പ്രതിപക്ഷത്തിന് താടി വിഷയത്തിൽ താത്പര്യമില്ല. പക്ഷേ താടി വളർത്തുന്നവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. ഒരു ഘട്ടം പിന്നിട്ടാൽ താടിവളർത്തൽ, നിലനിറുത്തൽ, ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണ്. ഹിമാലയത്തിലും കാട്ടിലുമൊക്കെ ധ്യാനത്തിലിരുന്ന് ശീലിച്ച, ലക്ഷ്യം നേടാൻ ഏത് ബുദ്ധിമുട്ടും സഹിക്കാൻ കഴിവുള്ള ആളല്ലേ പ്രധാനമന്ത്രി. അതിനാൽ ആ താടി നീണ്ട് ലക്ഷ്യം കാണുമെന്നതിൽ സംശയമില്ല. അത് കൊവിഡ് വൈറസിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെങ്കിൽ അതിന്റെ ക്ളൈമാക്‌സിനായി നമുക്ക് കാത്തിരിക്കാം.