kanayya-kumar

ബീഹാറിൽ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശമാണ് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യകുമാർ. തേജസ്വിയാദവിനൊപ്പം തന്നെ പ്രാധാന്യമുള്ള താരപ്രചാരകൻ. ഇന്നലെ വോട്ട് ചെയ്ത ശേഷം ബെഗുസാരായിയിലെ ജന്മദേശമായ ബിഹട്ടിലെ വീട്ടിൽ വച്ച് കനയ്യ 'കേരളകൗമുദിയോട്" സംസാരിച്ചു.

? ബീഹാർ അവസാനഘട്ടത്തിലേക്ക് കടന്നു. എങ്ങനെ വിലയിരുത്തുന്നു.

കാര്യങ്ങൾ മഹാസഖ്യത്തിന് വളരെ അനുകൂലമാണ്. എൻ.ഡി.എയിൽ അങ്കലാപ്പ് പ്രകടമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ബി.ജെ.പിക്ക്. എന്നാൽ ബീഹാറിലെ വോട്ടർമാർ രാഷ്ട്രീയ അവബോധമുള്ളവരാണ്. ബി.ജെ.പിയുടെ കെണിയിൽ വീഴില്ല. ജാതിക്കും മതത്തിനും അപ്പുറത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ മഹാസഖ്യത്തിന് കഴിഞ്ഞു. ആദ്യഘട്ടം വിജയിച്ചു. അവസാനഘട്ടത്തിലും വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.

? എന്തുകൊണ്ട് ഇടതുപക്ഷം മഹാസഖ്യത്തിൽ.

എല്ലാത്തരത്തിലുമുള്ള സർവാധിപത്യം ജനാധിപത്യവിരുദ്ധമാണ്. ഇപ്പോഴുള്ളത് വലതുപക്ഷ തീവ്ര രാഷ്ട്രീയാധിപത്യമാണ്. അത് തകർക്കാനാണ് ശ്രമിക്കുന്നത്. സഖ്യത്തിന്റെ രാഷ്ട്രീയം ജനകേന്ദ്രീകൃതമായിരിക്കണം. മഹാസഖ്യത്തിലെ എല്ലാ ആശയവിനിമയങ്ങളും ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. ആരും ജാതിയും മതവും സംസാരിക്കുന്നില്ല. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സഖ്യമുണ്ടാക്കിയത്. അത് ലംഘിക്കപ്പെട്ടാൽ അതിനെതിരെ പോരാടും.

? ബി.ജെ.പി ഉന്നയിക്കുന്ന വൈകാരിക വിഷയങ്ങൾ ബാധിക്കുമോ.

അയോദ്ധ്യ, കാശ്‌മീർ തുടങ്ങിയവ ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഇവ ജനങ്ങളെ സ്വാധീനിച്ചേക്കാം. എന്നാൽ എക്കാലത്തും യാഥാർത്ഥ്യങ്ങളോട് മുഖം തിരിക്കാനാവില്ല. നൂറു ശതമാനത്തോളം സാക്ഷരരുള്ള കേരളത്തിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളിയുടെ മകൾ ഒന്നാംറാങ്ക് നേടി. കഴിവുണ്ടെങ്കിലും ബീഹാറിൽ അതിനുള്ള അവസരമില്ല.

? ബി.ജെ.പി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടോ.

തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്ന പണത്തിൽ 90 ശതമാനവും ബി.ജെ.പിയുടേതാണ്. എല്ലാ പ്രതിപക്ഷ കക്ഷികളും കൂടി ബാക്കി പത്തുശതമാനം മാത്രമാണ്. ചില മാദ്ധ്യമങ്ങളെ വിലക്കെടുത്ത് തെറ്റായ പ്രചാരണം നടത്തുന്നു. വിദ്വേഷം വളർത്തുന്നു. എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള അധികാര ദുർവിനിയോഗവുമുണ്ട്.

? ബി.ജെ.പിക്കെതിരെ യോജിച്ച പോരാട്ടം ദേശീയതലത്തിലുണ്ടാകുമോ?

മഹാസഖ്യം ദേശീയതലത്തിലും ഉണ്ടായേക്കാമെങ്കിലും പലതരം വെല്ലുവിളികളുണ്ട്.

വലതുപക്ഷമെന്നത് ബി.ജെ.പിയിൽ മാത്രമൊതുങ്ങുന്നതല്ല. മറ്റു പലരൂപത്തിലും അതുണ്ട്. അതിനാൽ ഫാസിസ്റ്റ് ശക്തികളെ തോല്പിക്കാൻ പുരോഗമന, ഇടതുപക്ഷ, മതനിരപേക്ഷ കക്ഷികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണ്. തീവ്ര വലതുപക്ഷത്തെ പ്രതിരോധിക്കാനായില്ലെങ്കിൽ കേരളത്തിനും ഇതുപോലെ തുടരാനാകില്ല.

? സഖ്യം ഇടതുപക്ഷത്തിന് നേട്ടമാകുമോ.
ഇടതുപക്ഷത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഉറപ്പായും വർദ്ധിക്കും.

? മഹാസഖ്യം വിജയിച്ചാൽ ഇടതുപക്ഷം സർക്കാരിൽ പങ്കാളികളാകുമോ.

ഇടതുപക്ഷം തീർച്ചയായും സർക്കാരിൽ പങ്കാളിയാകണം. മുങ്ങിത്താഴുന്നയാളെ വെള്ളത്തിലിറങ്ങാതെ രക്ഷിക്കാനാകില്ല. പുറത്തുനിന്നുള്ള പിന്തുണ നല്ല തന്ത്രമല്ല. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്.


 തേജസ്വിയുമായി ഒന്നിച്ച് കാണുന്നില്ല?

തേജസ്വിയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നില്ലെന്നേയുള്ളൂ. ഓരോരുത്തർക്കും ഓരോ ചുമതലകളാണ്.

 നിതീഷിനെ ബി.ജെ.പി ഒതുക്കുകയാണോ?

ബി.ജെ.പി നിതീഷ് കുമാറിനെ പതുക്കെ ഇല്ലാതാക്കുകയാണ്. അവർ നിതീഷിനെ വെറുക്കുന്നു. മറ്റു ബദൽ ഇല്ലാത്തതു കൊണ്ടാണ് ഒപ്പം നിറുത്തുന്നത്.