ന്യൂഡൽഹി:രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ രണ്ട് വർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
സർക്കാരിന്റെ ശുപാർശ പ്രകാരം മോചനത്തിനായി പേരറിവാളൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സി. ബി. ഐ തുടരന്വേഷണം ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ബാധകമല്ല
ഭരണഘടനാ അധികാരിയായ ഗവർണറോട് കോടതിക്ക് നിർദ്ദേശം നൽകാനാവില്ല. എന്നാൽ രണ്ട് വർഷമായിട്ടും തീരുമാനമെടുക്കാത്തതിൽ അതൃപ്തിയുണ്ട് -
ജസ്റ്റിസ്‌മാരായ എൽ. നാഗേശ്വര റാവു, അജയ് റസ്‌തോഗി ,ഹേമന്ത് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. കോടതികൾ ഗവർണർക്ക് നിർദ്ദേശം നൽകിയ സന്ദർഭങ്ങൾ ഹാജരാക്കാൻ പേരറിവാളന്റെ അഭിഭാഷകനോട് ജസ്റ്റിസ് റാവു ആവശ്യപ്പെട്ടു.
ദയാഹർജികൾ സമയബന്ധിതമായി തീരുമാനിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ജസ്റ്റിസ് റാവു ഉദ്ധരിച്ചു. രാജീവ് വധത്തിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐയുടെ റിപ്പോർട്ട് കിട്ടാതെ നടപടിയെടുക്കില്ലെന്നാണ് ഗവർണറുടെ നിലപാടെന്ന് തമിഴ്‌നാട് അഡി. അഡ്വക്കേറ്റ് ജനറൽ ബാലാജി ശ്രീനിവാസൻ കോടതിയെ അറിയിച്ചു. ഗൂഢാലോചനയെ പറ്റിയുള്ള അന്വേഷണം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനത്തിൽ തീരുമാനം എടുക്കാൻ തടസമല്ലെന്നും കൂടുതൽ ആർക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണെന്നും ജസ്റ്റിസ് റാവു വാക്കാൽ പറഞ്ഞു.
അന്വേഷണം ഇംഗ്ലണ്ടിലേക്കും ശ്രീലങ്കയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അവിടങ്ങളിൽ നിന്നള്ള വിവരങ്ങൾ കാത്തിരിക്കുകയാണെന്നും അഡി. സോളിസിറ്റർ ജനറൽ കെഎം നടരാജൻ വ്യക്തമാക്കി. ഇത് 20 വർഷമായി തുടരുകയല്ലേ എന്നായിരുന്നു ജസ്റ്റിസ് റാവുവിന്റെ ചോദ്യം. വിശദമായ വാദത്തിനായി കേസ് 23 ലേക്ക് മാറ്റി.
1991ലാണ് രാജീവ് വധക്കേസിൽ പേരറിവാളന് വധശിക്ഷ വിധിച്ചത്. 2014 ൽ പേരറിവാളനടക്കമുള്ള പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തു. 2018 സെപ്റ്റംബറിലാണ് പേരറിവാളൻ ഉൾപ്പെടെ ആറുപേരെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത്.