ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളിൽ 9 സീറ്റിൽ കൂടി ജയിച്ചതോടെ, രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗബലം 92 ആയി ഉയർന്നു. അതേസമയം കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥിതിയിലും: 38 സീറ്റ്. ലോക്‌സഭയിലെ സീറ്റുകൾ കൂടി ചേർത്താലും പാർലമെന്റിലെ കോൺഗ്രസ് എം.പിമാർ നൂറ് തികയില്ല.
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടന്ന 10ൽ ബി.ജെ.പിക്ക് ലഭിച്ചത് എട്ടു സീറ്റ്. ജയിച്ചവരിൽ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ, പാർട്ടി ജനറൽ സെക്രട്ടറി അരുൺസിംഗ്, കല്യാൺസിംഗ് മന്ത്രിസഭയിലടക്കം മൂന്ന് തവണ മന്ത്രിയായിരുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബ്രിജ് ലാൽ, പുതുമുഖങ്ങളായ ഗീത ഷാക്കിയ, സീമാ ദ്വിവേദി, ഹരിദ്വാർ ദുബെ, ബി.എൽ.വർമ്മ എന്നിവരും ഉൾപ്പെടുന്നു. സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ വർമ്മ, ബി.എസ്.പി നേതാവ് രാംജി ഗൗതം എന്നിവരാണ് മറ്റു സീറ്റുകളിൽ ജയിച്ചത്. ഉത്തരാഖണ്ഡിൽ ബി.ജെ.പിയുടെ നരേഷ് ബൻസാരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പിയുടെ 92ഉം ജെ.ഡി.യുവിന്റെ അഞ്ചും സീറ്റുകളടക്കം എൻ.ഡി.എയ‌്‌ക്ക് രാജ്യസഭയിൽ 104 അംഗങ്ങളായി. മുന്നണിയിലെ ചെറിയ കക്ഷികൾക്ക് ഏഴ് എം.പിമാരാണുള്ളത്. നാല് നോമിനേറ്റഡ് എംപിമാരുടെ പിന്തുണയും ലഭിക്കും. നിർണായക ഘട്ടങ്ങളിൽ അണ്ണാ ഡി.എം.കെ(9), ടി.ആർ.എസ്(7), വൈ.എസ്.ആർ.കോൺഗ്രസ്(6), ബി.ജെ.ഡി(9) എന്നീ പാർട്ടികളും കേന്ദ്ര സർക്കാരിനെ തുണയ്‌ക്കാറുണ്ട്.