bihar-election

പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിംഗ്. ഇന്നലെ ആറുമണി വരെയുള്ള കണക്ക് പ്രകാരം മുസഫർപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. 59.98ശതമാനം. രണ്ടാമത് കഖാരിയയിലും ഏറ്റവും കുറവ് പാട്നയിലുമാണ്.

മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് മത്സരിച്ച രാഘോപുർ മണ്ഡലത്തിൽ 52.34 ശതമാനമാണ് പോളിംഗ്.

മുഖ്യമന്ത്രി നിതീഷ് കുമാർ ദിഗയിലും തേജസ്വി യാദവ് പാട്നയിലും വോട്ടുചെയ്തു. മുൻമുഖ്യമന്ത്രി റാബ്റി ദേവി, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, അശ്വനികുമാർ ചൗബെ, ആർ.കെ സിംഗ്, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, ഗവർണർ ഫാഗു ചൗഹാൻ, കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹ, മകനും സ്ഥാനാർത്ഥിയുമായ ലവ് സിൻഹ, സി.പി.ഐ നേതാവ് കനയ്യ കുമാർ എന്നിവ‌ർ വിവിധ ബൂത്തുകളിൽ വോട്ടുരേഖപ്പെടുത്തി.

ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തു. മാതൃകാ പെരുമാറ്റചട്ട ലംഘനത്തിന് 420 കേസുകളെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ലാൽഗഞ്ചിലെ 181ാം നമ്പർ ബൂത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബി.എസ്.എഫ് എസ്.ഐ ഗുജറാത്ത് വഡോദര സ്വദേശി കെ.ആർ ബായി (55) മരിച്ചു.

അവസാനഘട്ട വോട്ടെടുപ്പ് നവംബർ ഏഴിന് നടക്കും. ഒക്ടോബർ 28 നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 53 ശതമാനത്തിലേറെയായിരുന്നു പോളിംഗ്. പത്തിനാണ് ഫലപ്രഖ്യാപനം.