ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്ന് ബി.ജെ.പിക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചുള്ള ഇ-മെയിൽ പോയത് വിവാദത്തിൽ. ഔദ്യോഗിക മെയിലുകൾ അയ്‌ക്കാൻ ഉപയോഗിക്കുന്ന സമ്പർക്ക് ഡോട്ട് ഗവ് ഡോട്ട് ഇൻ (sampark.gov.in) എന്ന ഐഡിയിൽ നിന്നയച്ച ലേഖനങ്ങൾക്കൊപ്പമാണ് ബി.ജെ.പിക്ക് ഫണ്ട് നൽകാൻ അഭ്യർത്ഥിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തിൽ ക്ളിക്കു ചെയ്യുമ്പോൾ അഞ്ചു രൂപ മുതൽ ആയിരം രൂപ വരെ സംഭാവന നൽകാനുള്ള വിൻഡോ വരും.
ബീഹാർ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ സംഭാവന ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് രാജ്യസഭാ എംപിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസും ബി.ജെ.പി ഓഫീസും തമ്മിലുള്ള അതിർ വരമ്പ് എവിടെയാണ്. ഭരണഘടനാ പരവും രാഷ്‌ട്രീയപരവുമായ ധാർമ്മിതകളെ കാറ്റിൽപ്പറത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.