ന്യൂഡൽഹി: ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ പോലും അവസരം നിഷേധിച്ച കാട്ടുഭരണമാണ് ഒരിക്കൽ ബീഹാറിലുണ്ടായിരുന്നതെന്ന് ആർ.ജെ.ഡിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബീഹാറിലെ സഹാർസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബീഹാർ ഭരിച്ചിരുന്ന കാട്ടുഭരണക്കാർക്ക് ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികൾ ദഹിച്ചിരുന്നില്ല. ആ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് ഒരു വിഭാഗം പറഞ്ഞു. മറ്റൊരു വിഭാഗത്തിന് ആ മുദ്രാവാക്യങ്ങൾ കേൾക്കുന്നത് തന്നെ തലവേദനയായിരുന്നു. ഭാരത മാതാവിനെ എതിർത്ത ആ കൂട്ടർ ഇപ്പോൾ വോട്ട് ചോദിച്ച് വന്നിരിക്കുകയാണ്. അവർക്ക് തിരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകണം.
കാട്ടുഭരണത്തിന് കീഴിൽ ബീഹാറിൽ ബൂത്ത് പിടിത്തം പതിവായിരുന്നു. ജനങ്ങൾക്ക് ഇഷ്ടമുള്ള സർക്കാരിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ഇന്ന് ജനങ്ങൾക്ക് ഭയമില്ലാതെ വോട്ടു ചെയ്യാം. അന്നത്തെ കാലത്തേക്ക് ബീഹാറിനെ തിരിച്ചുകൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. എന്നാൽ ബീഹാറിലെ ജനം പഴയതുപോലെ ഭീരുക്കളല്ലെന്ന് അവർ മറന്നു പോയി.'- മോദി പറഞ്ഞു.
മോദിയും നിതീഷും ബീഹാറിനെ കൊള്ളയടിച്ചു: രാഹുൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് ബീഹാറിനെ കൊള്ളയടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കിഷൻഗഞ്ചിലെ റാലിയിൽ പറഞ്ഞു. തൊഴിലില്ലായ്മ, നോട്ട് നിരോധനം, കൊവിഡ് വ്യാപനം, ജി.എസ്.ടി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു രാഹുലിന്റെ ആക്രമണം.
'ലോക്ക്ഡൗണിൽ ആയിരക്കണക്കിന് കിലോമീറ്റർ നടന്നുവന്ന ബീഹാറുകാരായ തൊഴിലാളികൾക്ക് നിതീഷ് കുമാർ സർക്കാർ എന്തു നൽകി. നിരവധി തൊഴിലാളികൾക്ക് ബസുകൾ ഏർപ്പാടാക്കിയത് കോൺഗ്രസാണ്. ഭരണമില്ലാത്തതിനാൽ എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞില്ല. അതേസമയം തൊഴിൽ നൽകുമെന്ന വാഗ്ദാനം നൽകി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബീഹാറുകാരെ കബളിപ്പിച്ചു. മോദി നൽകുമെന്ന് പറഞ്ഞ രണ്ടു കോടി തൊഴിൽ എവിടെയെന്നും അദ്ദേഹം ചോദിച്ചു.