bihar-election

പാട്ന: തുടർച്ചയായി ഭരണത്തിലിരിക്കുന്ന സർക്കാരിനെതിരായ സ്വഭാവിക ഭരണവിരുദ്ധ വികാരം ബീഹാറിലും പ്രകടമാണ്. എന്നാലിതിന്റെ പൊള്ളലേൽക്കുന്നത് മുഖ്യമന്ത്രി നിതീഷ്‌ കുമാറും ജെ.ഡി.യുവും മാത്രമാണ്. ഭരണത്തിൽ പങ്കാളിയായ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിറുത്തിയുള്ള പ്രചാരണങ്ങളിലൂടെ തന്ത്രപരമായി രക്ഷപ്പെടുകയാണ്.

നിതീഷിനെതിരെ പൊട്ടിത്തെറിക്കുന്ന പലരും എന്നാൽ സഖ്യകക്ഷിയായ ബി.ജെ.പിയെയോ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെയോ ഭരണപരാജയത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നില്ല. ലോക്ക്ഡൗൺ പ്രതിസന്ധിയിലടക്കം സർക്കാരിനുണ്ടായ പാളിച്ചകൾ നിതീഷിന്റെ മാത്രം വീഴ്ചയാണ്. ഇതിനെ പ്രതിരോധിക്കേണ്ട ബി.ജെ.പി തന്ത്രപൂർവം പലഘട്ടങ്ങളിലും മാറിനിൽക്കുകയാണ്. ബി.ജെ.പി നേതാക്കളിൽ സുശീൽകുമാർ മോദി മാത്രമാണ് നിതീഷിനെ പിന്തുണയ്ക്കുന്നത്.

പരമ്പരാഗത ബി.ജെ.പി വോട്ടുബാങ്കായ സവർണ വിഭാഗങ്ങളിൽപോലും നിതീഷിനെതിരായ വികാരമുണ്ട്. അതേസമയം അവർ ബി.ജെ.പിക്ക് നൽകിയിരുന്ന പിന്തുണയിൽ ഒരിളക്കവും തട്ടിയിട്ടില്ല. ഒപ്പം അയോദ്ധ്യപോലുള്ള വിഷയങ്ങൾ മുൻനിറുത്തിയുള്ള പ്രചാരണത്തിലൂടെ മറ്റ് ഹിന്ദുവോട്ടുകളും സമാഹാരിക്കാനാകുമെന്നും പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്.

ചിരാഗ് പാസ്വാന്റെ എൽ.ജെ.പി, ജെ.ഡി.യുവിനെതിരെ സ്ഥാനാർത്ഥികളെ നിറുത്തി സജീവ പ്രചാരണവും നടത്തുന്നുണ്ട്. ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളിൽ സവർണ സ്ഥാനാർത്ഥികളെയാണ് എൽ.ജെ.പി കൂടുതലായും നിറുത്തിയത്. ഇതും നിതീഷ് കുമാറിന് തിരിച്ചടിയായിട്ടുണ്ട്.

കഴിഞ്ഞതിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും ജെ.ഡി.യും ഉൾപ്പെട്ട മഹാസഖ്യത്തിനെതിരെ മത്സരിച്ച് 53 സീറ്റ് ബി.ജെ.പി നേടിയിരുന്നു. ഈ സീറ്റ് നിലനിറുത്താനോ മെച്ചപ്പെടുത്താനോ ബി.ജെ.പിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

 ജംഗിൾരാജിലേക്ക് മടങ്ങേണ്ട

കാട്ടുഭരണത്തിലേക്ക് മടങ്ങിവരാൻ ബീഹാർ ജനത ആഗ്രഹിക്കുന്നില്ലെന്നും മികച്ച ഭൂരിപക്ഷത്തോടെ എൻ.ഡി.എ അധികാരം നിലനിറുത്തുമെന്നും ബി.ജെ.പി വക്താവ് പ്രൊഫ. അസഫർ ഷംസി 'കേരളകൗമുദിയോട്" പറഞ്ഞു. അനുകൂല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. വികസനമാണ് എൻ.ഡി.എയുടെ മുദ്രാവാക്യം.

ആർ.ജെ.ഡിക്ക് മോദിവിരുദ്ധത മാത്രമേയുള്ളൂ. മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങളും നിതീഷ്‌കുമാർ നടത്തിയ വികസനങ്ങളും തിരഞ്ഞെടുപ്പിൽ നേട്ടമാകും.

എൻ.ഡി.എയുടെ 15 വർഷവും അതിന് മുമ്പുള്ള 15 വർഷവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആർ.ജെ.ഡിയുടെ 15 വർഷം എല്ലാ മേഖലയും സമ്പൂർണ തകർച്ചയിലായിരുന്നു. തട്ടിക്കൊണ്ടുപോകൽ വ്യവസായമായിരുന്നു. ആർ.ജെ.ഡി രാഷ്ട്രീയത്തിൽ ക്രിമിനൽവത്കരണം നടത്തി. അഴിമതി നടമാടി. സ്ത്രീകൾക്കും പുരുഷന്മാർക്കും ആറു മണിക്ക് ശേഷം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതെല്ലാം മാറ്റിയെടുക്കാൻ കഴിഞ്ഞു.

തേജസ്വിയുടെ വാക്കു വിശ്വസിക്കാനാകില്ല. പത്തുലക്ഷം ജോലി വാഗ്ദാനം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.