amitshaw

ന്യൂഡൽഹി: അർണബ് ഗോസാമിയുടെ അറസ്റ്റിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെ മുതിർന്ന ബി.ജെ.പി നേതാക്കൾ രംഗത്തെത്തി.

'കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ വീണ്ടും നാണംകെടുത്തി. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസാമിക്കുമെതിരെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണിനുമെതിരായ ആക്രമണമാണ്. മാദ്ധ്യമങ്ങൾക്കെതിരായ ആക്രമണം അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്നു.'- അമിത് ഷാ ട്വീറ്റ് ചെയ്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും സംഭവത്തിൽ അമർഷം രേഖപ്പെടുത്തി.

അർണബിനോടുള്ള പെരുമാറ്റം മാന്യമാണെന്ന് ഉറപ്പിക്കാൻ ഇടപെടണമെന്ന്വശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി സംസാരിച്ചുവെന്ന് 'ദ എഡിറ്റേഴ്‌സ് ഗിൽഡ്' സംഘടന അറിയിച്ചു.

ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്. നിങ്ങൾ അർണബ് ഗോസാമിയെ വീടിനകത്തുകയറി തല്ലി.. ഇനിയും എത്ര വീടുകൾ തകർക്കും? എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര വായകൾ അടപ്പിച്ചാലും ഈ ശബ്ദങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും.

- കങ്കണ റണൗട്ട്, നടി

മഹാരാഷ്ട്രയിലെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ആക്രമണം അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നു.

- പ്രകാശ് ജാവദേക്കർ , കേന്ദ്ര പരിസ്ഥിതി മന്ത്രി

ഇന്ന് അർണബിനെ പിന്തുണയ്ക്കാത്തവർ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. .

- സ്മൃതി ഇറാനി , കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി