ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികൾ വർദ്ധിക്കുന്നതിനിടെ കൊവിഡിന്റെ മൂന്നാം വ്യാപനമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
'ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത് മൂന്നാം വ്യാപനമാണെന്നാണ് കരുതുന്നത്. സ്ഥിതി സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. ആശങ്കപ്പെടേണ്ട. ആവശ്യമായ നടപടികൾ സ്വീകരിക്കും.' - കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിൽ ചൊവ്വാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 6,000 കടന്നിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസവും 5,000ലധികം കൊവിഡ് കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വർദ്ധനവുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,253 പുതിയ രോഗികൾ. ആകെ രോഗികൾ 83.13 ലക്ഷം.
514 പേർ കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണം 1,23,611.
76.56 ലക്ഷം രോഗമുക്തർ. റിക്കവറി നിരക്ക് 92.09 ശതമാനമായി ഉയർന്നു.
മരണനിരക്ക് 1.49 ശതമാനം.
തുടർച്ചയായി ആറാം ദിവസവും ആറു ലക്ഷത്തിൽ താഴെയാണ് ആക്ടീവ് കേസുകൾ. 5,33,787 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മൊത്തം കേസ് ലോഡിന്റെ 6.42 ശതമാനമാണിത്. അവസാന ദിവസം 12.09 ലക്ഷത്തിലേറെ സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചെന്ന് ഐ.സി.എം.ആർ.