olga-

ന്യൂഡൽഹി: ഭീകരവിരുദ്ധ പോരാട്ടത്തിലും നക്‌സൽ-മാവോയിസ്‌റ്റ് പ്രതിരോധത്തിലും ഏർപ്പെട്ട അർദ്ധസൈനിക വിഭാഗങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഹരിയാനയിലെ പഞ്ച്‌കുളയിൽ ഭാനുവിലെ ഇന്തോ- ടിബറ്റൻ ഫോഴ്സിന്റെ ദേശീയ ശ്വാന പരിശീലന കേന്ദ്രത്തിലേക്കാണ്. അവിടെ ശ്വാനസേനയിലെ വീരപുത്രിമാരും സഹോദരിമാരുമായ ഓൾഗയും ഒലേഷ്യയും 17 കുട്ടികളെ പ്രസവിച്ചു. ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ മികവു കാട്ടുന്ന മലിനോയിസ് ഇനത്തിൽപ്പെട്ട നായ്‌ക്കളാണ് ഇരുവരും.

ഛത്തീസ്ഗഡിലെ മാവോയിസ്‌റ്റ് മേഖലകളിൽ മികവു തെളിയിച്ച സഹോദരിമാരുടെ മക്കളെ പരിശീലിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഐ.ടി.ബി.പി. ഭാവിയുടെ വാഗ്‌ദാനമായ കുട്ടിപ്പട്ടാളങ്ങളുടെ വിവരമറിഞ്ഞ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പൊലീസ്, അർദ്ധസൈനിക ശ്വാന പരിശീലന കേന്ദ്രങ്ങളിൽ നിന്ന് അഭ്യർത്ഥനകളെത്തുന്നുണ്ട്.

സെപ്‌തംബർ 30നും ഒക്‌ടോബർ നാലിനുമായാണ് സഹോദരിമാർ പ്രസവിച്ചത്. ഓൾഗ ജൻമം നൽകിയത് 9 കുഞ്ഞുങ്ങൾക്ക്. എട്ടെണ്ണം ഒലേഷ്യയുടേതാണ്. ഛത്തീസ്ഗഡിൽ ഇവരുടെ 'സഹപ്രവർത്തകനായിരുന്ന' ഗാല എന്ന വീരനാണ് കുട്ടികളുടെ പിതാവ്. ഹിമാചലിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന അടൽ ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് നടത്തിയ സുരക്ഷാ പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത് ഗാലയാണ്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ വച്ച മൈനുകളും ബോംബുകളും മറ്റും കണ്ടെത്തി അർദ്ധസൈനികരുടെയും നാട്ടുകാരുടെയും ജീവൻ രക്ഷിച്ചിട്ടുണ്ട് ഒാൾഗയും ഒലേഷ്യയും.

പാകിസ്ഥാനിൽ ഒസാമാ ബിൻലാദന്റെ ഒളിത്താവളം കണ്ടെത്താൻ യു.എസ് കമാൻഡോകൾക്ക് തുണയായത് മാലിനോയ്സ് നായ‌്ക്കളാണ്. ഇന്ത്യയിൽ മാവോയിസ്‌റ്റ് ഭീഷണിയുള്ള മേഖലകളിലെല്ലാം മാലിനോയ്സ് ഇനങ്ങളെ വിന്യസിച്ചിട്ടുണ്ട്.