'പാട്‌ന/ന്യൂഡൽഹി: ബീഹാറിൽ ഇപ്പോൾ നടക്കുന്നത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിച്ച ദിവസം പുർണിയിൽ ജെ.ഡി.യു സ്ഥാനാർത്ഥിയുടെ റാലിയിലാണ്,15 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന നിതീഷിന്റെ വെളിപ്പെടുത്തൽ.
ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ നിതീഷ് കുമാർ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും, സംസ്ഥാനത്ത് ആർ.ജെ.ഡിക്ക് ബദൽ ശക്തിയായി മാറിയ ജെ.ഡി.യു നേതാവിന്റെ പ്രഖ്യാപനം പ്രാധാന്യത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്. തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവും ബി.ജെ.പിയും എച്ച്.എ.എമ്മും വി.ഐ.പിയും ചേർന്ന എൻ.ഡി.എ പ്രചാരണത്തിൽ ആദ്യം മുന്നിലായിരുന്നെങ്കിലും, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാമുന്നണി പിന്നീട് മുന്നേറി. നിതീഷിന്റെ ജനപിന്തുണയിൽ ഇടിവു വന്നതായും സൂചനയുണ്ട്. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പിൽ ഇത് കാര്യമായി പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിവരം. നാളെ 78 സീറ്റിലേക്ക് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിന് മുൻപായി വോട്ടർമാരിൽ സഹാനുഭൂതിയുണ്ടാക്കാൻ ലക്ഷ്യമിട്ട് നിതീഷ് നടത്തിയ പ്രഖ്യാപനമാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്.
നിതീഷ് കുമാറിന്റെ പ്രഖ്യാപനം ഏറെ അഭ്യഹങ്ങൾക്ക് വഴിതെളിച്ചതോടെ പാർട്ടിക്കാർ വിശദീകരണവുമായി രംഗത്തെത്തി. ഈ തിരഞ്ഞെടുപ്പിലെ അവസാന യോഗമെന്നാണ് മുഖ്യമന്ത്രി ഉദ്യേശിച്ചതെന്നാണ് വിശദീകരണം. വോട്ടർമാരുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന വാദവും അവർ തള്ളി.നിതീഷ് കുമാറിന്റെ പ്രഖ്യാപനം ഏറെ അഭ്യഹങ്ങൾക്ക് വഴിതെളിച്ചതോടെ പാർട്ടിക്കാർ വിശദീകരണവുമായി രംഗത്തെത്തി. ഈ തിരഞ്ഞെടുപ്പിലെ അവസാന യോഗമെന്നാണ് മുഖ്യമന്ത്രി ഉദ്യേശിച്ചതെന്നാണ് വിശദീകരണം.
അടിയൊഴുക്കുകൾ ശക്തം
ബീഹാറിന്റെ വികസന മുഖ്യമന്ത്രിയെന്ന വിശേഷണമുള്ള നിതീഷിനെ മുന്നിൽ നിറുത്തിയാണ് ബി.ജെ.പി മത്സരിക്കുന്നതെങ്കിലും, മുന്നണിക്കുള്ളിൽ അടിയൊഴുക്കുകൾ ശക്തമാണ്. രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിൽ എൽ.ജെ.പി മുന്നണി വിട്ട് ഒറ്റയ്‌ക്ക് മത്സരിക്കുന്നതും നിതീഷിനെയും ജെ.ഡി.യുവിനെയും മാത്രം ആക്രമിക്കുന്നതും രാഷ്‌ട്രീയ തന്ത്രമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഡ്രൈവിംഗ് സീറ്റിലേക്ക് വരാൻ ബി.ജെ.പി ശ്രമം നടത്തുകയാണെന്ന സൂചനകളുണ്ട്.
കേന്ദ്രത്തിലെ വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്ന നിതീഷ് 2000ത്തിലാണ് ആദ്യം ബീഹാർ മുഖ്യമന്ത്രിയായത്. എന്നാൽ ഭൂരിപക്ഷമില്ലാതെ രാജിവയ്‌ക്കേണ്ടി വന്നു. 2005ൽ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ശേഷം, 2014ൽ ജെ.ഡി.യുവിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം രാജിവച്ചു. പകരം, അന്ന് പാർട്ടിയിലുണ്ടായിരുന്ന ജിതൻ റാം മാഞ്ചിയെ കൊണ്ടുവന്നു. മാഞ്ചിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയത്. 2015ൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾക്കൊപ്പം മഹാമുന്നണിയിലൂടെ വീണ്ടും അധികാരത്തിൽ. 2017ൽ വീണ്ടും എൻ.ഡി.എയിൽ തിരിച്ചെത്തി.