ന്യൂഡൽഹി: ഭാരത് ബയോടെക് എന്ന മരുന്നു കമ്പനിയും ഐ.സി.എം.ആറും ചേർന്ന് നിർമ്മിക്കുന്ന കൊവിഡ് വാക്‌സിൻ അടുത്ത വർഷം ഫെബ്രുവരിയിൽ എത്തിയേക്കും. അവസാനഘട്ട പരീക്ഷണത്തിലുള്ള വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നു പഠനത്തിൽ തെളിഞ്ഞതായി ഐ.സി.എം.ആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ രജനികാന്ത് വ്യക്തമാക്കി. അടുത്ത വർഷം രണ്ടാം പാദത്തിൽ മാത്രമേ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുകയുള്ളൂവെന്നാണ് നേരത്തെ ഭാരത് ബയോടെക് അറിയിച്ചിരുന്നത്.
'വാക്‌സിൻ മികച്ച ഫലപ്രാപ്തിയാണ് കാണിക്കുന്നത്. അടുത്ത വർഷം തുടക്കത്തിലൊ ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് ആദ്യമെങ്കിലുമോ വാക്‌സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു'-രജനികാന്ത് പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കുന്നതിനുമുൻപ് ആളുകൾക്ക് വാക്‌സിൻ നൽകണോ എന്ന കാര്യത്തിൽ ആരോഗ്യ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യത്തെ രണ്ട് ഘട്ട പരീക്ഷണങ്ങളിലും മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലും വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നു തെളിഞ്ഞിരുന്നു. എന്നാൽ, മൂന്നാം ഘട്ടം പൂർത്തിയാക്കാതെ വാക്‌സിൻ പൂർണമായും സുരക്ഷിതമാണെന്നു പറയാൻ സാധിക്കില്ല. കുറച്ച് അപകടസാദ്ധ്യതയുണ്ടാകാം. എങ്കിലും,അടിയന്തര സാഹചര്യങ്ങളിൽ വാക്‌സിൻ നൽകുന്നതിനെക്കുറിച്ച് സർക്കാരിന് ചിന്തിക്കാവുന്നതാണ് '- രജനികാന്ത് പറഞ്ഞു. നിലവിൽ ഓക്‌സ്‌ഫോർഡ് വാക്‌സിൻ അടക്കമുള്ളവ അവസാനഘട്ട പരീക്ഷണത്തിലാണ്. ഡിസംബർ അവസാനത്തോടെയൊ അടുത്ത വർഷം ആദ്യമൊ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെകയുമായി ചേർന്നു ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത വാക്‌സിൻ പുറത്തിറക്കാനാവുമെന്നാണ് ബ്രിട്ടൻ കരുതുന്നത്.
കൊവാക്‌സിൻ മനുഷ്യരിൽ
മൂന്ന് ഘട്ടങ്ങളിലാണ് കൊവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത്. രാജ്യത്തെ 12 ഇടങ്ങളിലായി 375 വോളന്റിയർമാരിലാണ് പരീക്ഷണം. ഇതിൽ 100പേരും എയിംസിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ജൂലായിൽ തുടങ്ങിയ ആദ്യഘട്ട പരീക്ഷണവും തുടർന്ന് നടന്ന രണ്ടാംഘട്ട പരീക്ഷണവും വിജയമായിരുന്നു. മൂന്നാം ഘട്ട പരീക്ഷണം അവസാനഘട്ടത്തിലാണ്. കൊവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകർക്ക് ട്രയലിൽ പങ്കെടുക്കാം. 18 വയസിനു മുകളിലും 55 വയസിന് താഴെയുമായിരിക്കണം പ്രായമെന്നതാണ് നിബന്ധന.
പ്രതിദിന രോഗബാധ 50,000കടന്ന് വീണ്ടും
രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അമ്പതിനായിരത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 50,209 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,64,086 ആയി. ഇന്നലെ 704 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 1,24,315 ആയി.
നിലവിൽ 5,27,962 പേരാണ് ചികിത്സയിൽ തുടരുന്നത്. 77,11,809 പേർ രോഗമുക്തി നേടി. 92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ദില്ലി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ അയ്യായിരത്തിന് മുകളിലാണ് പ്രതിദിന വർദ്ധന.