bihar-election

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നവംബർ 7ന് ശനിയാഴ്‌ച നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയുമായ വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. മുസ്ളീം വോട്ടർമാർക്ക് ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിലെ 19 ജില്ലകളിലുള്ള 78 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. 2.35 കോടി വോട്ടർമാർ 1200ൽ അധികം സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ജനവിധി തേടുന്നവരിൽ ശരത് യാദവിന്റെ മകൾ സുബാഷിണി യാദവ്, സ്‌പീക്കർ വിജയ്‌കുമാർ ചൗധരി, മന്ത്രിമാരായ സുരേഷ് ശർമ്മ, പ്രമോദ് കുമാർ തുടങ്ങിയവരുണ്ട്.

മുസ്ളിം വോട്ടുകൾ ലക്ഷ്യമിട്ട് അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം, ഉപേന്ദ്ര ഖുശ്‌വാഹയുടെ ആൽ.എൽ.എസ്.പി, ബി.എസ്.പി എന്നീ പാർട്ടികളുടെ മുന്നണി ശക്തമായ പ്രചാരണം നടത്തുന്നു. ഇവർ കോൺഗ്രസ്-ആർ.ജെ.ഡി സംഖ്യത്തിന് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിപ്പിച്ചാൽ എൻ.ഡി.എയ്‌ക്ക് നേട്ടമാകും.

കടുത്ത മത്സരം നടക്കുന്ന മൂന്നാം ഘട്ടത്തിൽ മുന്നണികൾ തങ്ങളുടെ താര പ്രചാരകരെ തന്നെ രംഗത്തിറക്കി. എൻ.ഡി.എയ്‌ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അരേറിയ, സഹാർസ ജില്ലകളിൽ റാലികൾ നടത്തി. മധുബനിയിൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ പങ്കെടുത്ത റാലിയിൽ സവാള വലിച്ചെറിഞ്ഞ സംഭവം പ്രചാരണത്തിന്റെ നിറംകെടുത്തി. മഹാമുന്നണിക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവുമാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.