ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വികസനത്തിന് നിതീഷ് കുമാർ സർക്കാർ തുടരണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെ ജനങ്ങൾക്ക് തുറന്ന കത്തെഴുതി. ബീഹാറിന്റെ വികസനംതാളം തെറ്റരുതെന്നും പാതിവഴിയിലാകരുതെന്നും പ്രധാനമന്ത്രി നാലു പേജുള്ള കത്തിൽ അഭ്യർത്ഥിച്ചു.
ഇക്കുറി ബീഹാറിലെ ജനങ്ങൾ ജാതി നോക്കിയല്ല, വികസനത്തിന്റെ പേരിലാണ് വോട്ടു ചെയ്യുന്നത്. പാഴ് വാഗ്ദാനങ്ങൾ അവഗണിച്ച് കരുത്തുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്കാണ്. നല്ല ഭരണത്തിനാണ്. അവസരവാദം തള്ളി സ്വാശ്രയത്തിനാണ് ജനങ്ങൾ പ്രാധാന്യം നൽകുക. ബീഹാറിന്റെ വികസനത്തിൽ താൻ ബോധ്യമുള്ളവനാണ്.
ഇരട്ട എൻജിൻ (സംസ്ഥാനത്ത് ജെ.ഡിയു, കേന്ദ്രത്തിൽ ബി.ജെ.പി) ബീഹാറിനെ വികസനത്തിന്റെ കൂടുതൽ ഉയരങ്ങളിലെത്തിക്കും. സംസ്ഥാനത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും സാമൂഹ്യ, സാമ്പത്തിക വളർച്ചയ്ക്കാവശ്യമായ ഭരണം നടപ്പാക്കാനും എൻ.ഡി.എയ്ക്ക് മാത്രമെ കഴിയൂ എന്നും മോദി പറഞ്ഞു.