kartarpur

ന്യൂഡൽഹി: പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സിക്ക് സമുദായക്കാരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കർതാപൂർ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയെ ഒഴിവാക്കി സിക്ക് ബന്ധമില്ലാത്ത ഇവാക്വി ട്രസ്‌റ്റ് പ്രോപ്പർട്ടി ബോർഡിന് കൈമാറിയ നടപടി പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പാക് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം അപലപനീയവും ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിലെ കർതാപൂർ ഇടനാഴിയുടെ ഉദ്ദേശ്യ ശുദ്ധിയെ ഇല്ലാതാക്കുന്നതും സിക്ക് സമുദായത്തിന്റെ വികാരങ്ങൾക്ക് വിരുദ്ധവുമാണ്. പാകിസ്ഥാനിൽ ന്യൂനപക്ഷമായ സിക്ക് സമുദായത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണെന്ന് സിക്ക് സംഘടനകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിലനിറുത്തുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന പാക് സർക്കാരിന്റെയും നേതാക്കളുടെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഇത്തരം നടപടികൾ തെളിയിക്കുന്നു. കർതാപൂർ സാഹിബ് ഗുരുദ്വാരയ്ക്ക് മേൽ സിക്ക് സമുദായത്തിനുള്ള അവകാശം സംരക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനം പിൻവലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.