കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുത്തവളാണ് വിമല. അറിയില്ലേ കാമുകനായി കാത്തിരിക്കുന്ന നൈനിറ്റാളിലെ വിമലയെ? എം.ടിയുടെ കാവ്യസുന്ദരമായ മഞ്ഞ് എന്ന ലഘുനോവലിലെ നായികയെ? കാത്തിരിപ്പുകളെല്ലാം ജീവിതത്തിൽ അവശേഷിപ്പിക്കുന്നത് എന്താണ് ? ആദ്യമൊക്കെ ഇത്തിരി പ്രത്യാശ, പ്രതീക്ഷ... പിന്നെ പതുക്കെ പതുക്കെ മനസിൽ അരിച്ചിറങ്ങുന്ന വിഷാദത്തിന്റെയും നിരാശതയുടെയും ഇരുട്ടുകാലുകൾ.
കാലം കഴിയുംതോറും കാത്തിരിപ്പിന്റെ തീവ്രത കുറയുന്നു. പ്രതീക്ഷകൾ മങ്ങുന്നു. എന്നാൽ ഒരു തരിമ്പുപോലും മങ്ങലേൽക്കാത്ത പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിമലമാരുണ്ട് കാശ്മീരിന്റെ താഴ്വരയിൽ. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കാശ്മീരിൽ നിന്ന് കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ കാണാതായവരുടെ എണ്ണം 8,000ത്തിൽ അധികമാണ്. 1989ന് ശേഷമുള്ളവരുടെ കണക്കാണിത്. ഇന്നും ഭാര്യമാർ, മക്കൾ, അമ്മമാർ, ബന്ധുക്കൾ തുടങ്ങി എല്ലാവരും ഇവരുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് ജീവനോടെയുണ്ടോ ഇല്ലയോ എന്നുപോലും അറിയാൻ കഴിയാതെ വർഷങ്ങളായി കാത്തിരിക്കുന്ന സ്ത്രീകൾ. തങ്ങൾ വിധവകളായോ എന്ന് തീർച്ചയില്ലാതെ ജീവിക്കുന്ന സ്ത്രീകൾ. കാശ്മീരിലെ അർദ്ധവിധവകൾ!
പാതി പോയതെങ്ങനെ!
മുസ്കാന് ആറ് മാസം പ്രായമുള്ളപ്പോഴാണ് പിതാവിനെ അവസാനമായി കാണുന്നത്. അബ്ദുൾ മജീദ് ഗോരോയ്ക്ക് പ്ലൈവുഡിന്റെ കച്ചവടമായിരുന്നു. 1998 ഡിസംബർ 22ന് പുലർച്ചെ പട്ടാളക്കാരെത്തിയാണ് അദ്ദേഹത്തെ കൂട്ടികൊണ്ടുപോയതെന്ന് മുസ്കാന്റെ മാതാവ് സജിന പറയുന്നു. വൈകിട്ടോടെ തിരികെ അയക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ രാത്രിയായിട്ടും തിരികെയെത്തിയില്ല. നല്ല പാതിക്കായി അന്ന് തുടങ്ങിയ അന്വേഷണം ഇന്നും സജിന നിറുത്തിയിട്ടില്ല. പട്ടാള ക്യാമ്പുകൾ, ജയിലുകൾ അങ്ങനെ താഴ്വരയിൽ ഇനി തിരയാൻ ഇടമില്ല. ഒരു രാത്രി 'സജിന' എന്ന് വിളിച്ച് അദ്ദേഹം തിരികെയെത്തുന്നതും കാത്ത് ഉറക്കം മുറിയുന്ന രാത്രികൾക്ക് കൂട്ടിരിക്കുകയാണ് സജിന ഇന്നും. ഒപ്പം മൂന്ന് പെൺമക്കളും അബ്ദുൾ മജീദ്ഗോരോയുടെ മാതാപിതാക്കളും അടങ്ങിയ ആറംഗ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ആപ്പിൾതോട്ടങ്ങളിൽ കൂലിപ്പണിക്കു പോകുന്നു അവൾ.
43 വയസുള്ള സഫിയ ആസാദ് കഴിഞ്ഞ 27 വർഷമായി ഭർത്താവിനെ കാത്തിരിക്കുകയാണ്. 1993 ഏപ്രിലിൽ ഹുമയൂൺ ആസാദ് എന്ന കച്ചവടക്കാരനെ അയാളുടെ വീടിന്റെ ഒരു കിലോമീറ്റർ ദൂരെ ശ്രീനഗറിൽ നിന്നും പിടിച്ചുകൊണ്ടുപോയതാണ്. പിന്നീടിത് വരെ അയാളെക്കുറിച്ച് യാതൊരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. ആസാദിനെ കാണാതായ രാവിലെ അയാൾ വലിച്ച സിഗരറ്റു കുറ്റിയുടെ ബാക്കി വരെ കാത്ത് സൂക്ഷിച്ചിരിക്കുകയാണ് സഫിയ. അടുത്തകാലം വരെ ആസാദിന്റെ വസ്ത്രങ്ങൾ ഹാങ്ങറിൽ അതുപോലെ ഉണ്ടായിരുന്നുവെന്നും സഫിയ പറഞ്ഞു. ചില തടവുകാർ ആസാദിനെ, പട്ടാളത്തിന്റെ കുപ്രസിദ്ധിയാർജ്ജിച്ച പീഡന കേന്ദ്രത്തിൽ കണ്ടുവെന്ന് അറിയിച്ചതായി സഫിയ പറഞ്ഞു. ഏറെ അന്വേഷിച്ചിട്ടും സഫിയയ്ക്ക് കണ്ടെത്താനായില്ല. സൈന്യമാണ് പിടിച്ചുകൊണ്ടു പോകുന്നതെന്ന് ഒരു കൂട്ടർ പറയുന്നു. ആരാണ് കൊണ്ടുപോയതെങ്കിലും അപ്രത്യക്ഷരായ ആ മനുഷ്യരെ തിരയാൻപോലും ഭരണകൂടും തയാറാകുന്നില്ലെന്നതാണ് അത്യന്തം വേദനാജനകം.1990 നും 2000 നും ഇടയിലുള്ള കാലഘട്ടത്തിലാണ് കൂടുതൽ പേരെയും കാണാതായിരിക്കുന്നത്.
ഇത്തരത്തിൽ കാണാതായവർക്ക് നീതിനേടികൊടുക്കാനായി അസോസിയേഷൻ ഒഫ് ഡിസ് അപ്പിയേർഡ് പേഴ്സൺസ് എന്നൊരു സംഘടനയുണ്ടാക്കിയിട്ടുണ്ട് കാശ്മീരിൽ. കാണാതായവരുടെ വിവരങ്ങൾ വച്ച് അവർ എല്ലാ വർഷവും കലണ്ടറും ഇറക്കുന്നുണ്ട്. ഏകദേശം അയ്യായിരത്തോളം അർദ്ധവിധവകളുണ്ട് കാശ്മീരിൽ. തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പോരാട്ടത്തിലാണവർ. കാശ്മീരിൽ കണ്ടെത്തിയ 2700 അജ്ഞാത ശ്മശാനങ്ങളെക്കുറിച്ചും ആരെയാണ് അവിടെ അടക്കം ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചും അന്വേഷിക്കാനും ഡി.എൻ.എ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തണമെന്നും അവർ സംസ്ഥന ഭരണകൂടത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ആരും ചെവികൊണ്ടില്ല.
2018 ജൂണിൽ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം കാശ്മീർ വിഷയത്തിൽ നടത്തിയ അന്വേഷണത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇന്ത്യൻ സൈന്യം കാശ്മീർ താഴ്വരയിൽ നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ലോകവ്യാപകമായി ചർച്ചയായങ്കിലും ഇന്ത്യൻ സർക്കാർ യു.എൻ . റിപ്പോർട്ട് തള്ളിക്കളയുകയായിരുന്നു.
അസ്തമിച്ച അവസാന സഹായവും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുന്നതിന് മുൻപുവരെ കാശ്മീർ സർക്കാർ അർദ്ധവിധവകൾക്കായി മാസം 1000 രൂപയുടെ ധനസഹായം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കാശ്മീരിലെ ജനങ്ങൾക്ക് 'സ്വാതന്ത്ര്യം 'നേടികൊടുക്കാനുള്ള കാശ്മീരിന് പുറത്ത് നിന്നുള്ള മുറവിളികളിൽ ജനങ്ങൾ തടവിലാക്കപ്പെട്ടെന്ന് മാത്രമല്ല, അവർക്ക് ലഭിച്ചിരുന്ന സഹായങ്ങളും അവസാനിച്ചു. കൂനിന്മേൽ കുരുപോലെ കൊവിഡ് കൂടി പിടിമുറുക്കിയതോടെ പട്ടിണിയിൽ നട്ടം തിരിയുകയാണ് ഈ പാവം പെണ്ണുങ്ങൾ.
അറ്റുപോയ പ്രതീക്ഷകൾ
കാശ്മീരിന്റെ ഗ്രാമീണമേഖലയിൽ നിന്നാണ് ഇത്തരം ആളുകളിലധികവും അപ്രത്യക്ഷരായിട്ടുള്ളത് എന്നിരിക്കെ ദാരിദ്രത്തിന് പുറമേ അവരുടെ അർദ്ധവിധവകൾക്ക് മറ്റൊരു ജീവിതം പോലും സമൂഹവും മതവും ചേർന്ന് നിഷേധിക്കുന്നു. ആദ്യ ഭർത്താവിന്റെ കുഞ്ഞുങ്ങളെ ആര് നോക്കും?, വിവാഹമോചനം നേടാതെ പുനർവിവാഹം ചെയ്താൽ ആദ്യ ഭർത്താവ് തിരികെയെത്തിയാലോ? ധർമ്മസങ്കടത്തിനും വേർപാടിന്റെ വ്യഥയ്ക്കും ഇടയിൽ ജീവിതം അങ്ങനെ...
റേഷൻ കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് തുടങ്ങിയവ ഭർത്താവിന്റെ പേരിൽ നിന്നും അവരുടെ പേരിലേക്കു മാറ്റുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ആശ്വാസത്തിനും ഇവർക്ക് അർഹതയില്ല. കാരണം അതിനെല്ലാം ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ ഇവരുടെ ഭർത്താക്കന്മാർ മരിച്ചതിന് ഔദ്യോഗികമായി രേഖകളില്ല. ഭർത്താവ് മരണപ്പെട്ടാലെ ഭാര്യമാർക്ക് സ്വത്തിൽ അവകാശമുള്ളൂ. പാതിവിധവകൾക്ക് യാതൊരു അവകാശവുമില്ല. ആദ്യ ഭർത്താവ് തിരികെയെത്തിയാലോ എന്ന ചിന്തയിൽ നൂറ് ശതമാനം സ്ത്രീകളും പുനർവിവാഹത്തിന് തയാറാകില്ല. എന്നാൽ കഴിഞ്ഞ 24 വർഷത്തിനിടയിൽ ഒരൊറ്റ വ്യക്തിപോലും തിരിച്ചു വന്നിട്ടില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
എല്ലാവരും കാത്തിരിക്കുന്നവരാണ്. അവസാനിക്കാത്ത പ്രാർത്ഥനയാകുന്നു ജീവിതം എന്ന് ബഷീർ എഴുതിയതിനെ അവസാനിക്കാത്ത കാത്തിരിപ്പാകുന്നു ജീവിതം എന്ന് തിരുത്തി പറയാൻ തോന്നുന്നു.
വരും വരാതിരിക്കില്ല..! കാത്തിരിപ്പ്, സ്നേഹം, വിശ്വാസം. അതാണ് കാശ്മീരിലെ ഈ അർദ്ധവിധവകളുടെ ഹൃദയതാളം. ജീവിതത്തിലെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും അത് പ്രതീക്ഷയുടെ തിരിനാളം വച്ചുനീട്ടുന്നു, ഇനിയും ഇരുട്ടിലൂടെ കൈവിളക്കുമായി കടന്നുപോകാൻ.