ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷത്തോടടുത്തു. മരണം 1.25 ലക്ഷം പിന്നിട്ടു. തുടർച്ചയായ അഞ്ചാം ആഴ്ചയിലും രാജ്യത്തെ രോഗമുക്തരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 54,157 പേരാണ് രോഗമുക്തരായത്.
47,638 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗികളുടെ 6.19 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തർ 7,765,966. ചികിത്സയിൽ ഉള്ളവരുടെയും രോഗം ഭേദമായവരുടെയും എണ്ണത്തിലുള്ള അന്തരം 72.5 ലക്ഷം. രോഗമുക്തി നിരക്ക് വർദ്ധിച്ച് 92.32 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിൽ 670 മരണം. ഇതിന്റെ 38 ശതമാനവും മഹാരാഷ്ട്രയിലാണ്.
ഡൽഹിയിൽ കൊവിഡ് മൂന്നാം തരംഗമാണെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇപ്പോഴത്തെ തരംഗം വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡിന് ഒരു വേർതിരിവും ഇല്ല. ആർക്കും വരാം. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തമിഴ്‌നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹിക്ക് കൊവിഡ്. ഇദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.