പാട്ന: ബീഹാർ ഒരിക്കൽ കൂടി വർഗീയ ശക്തികളുടെ രഥയാത്ര തടയും. നിതീഷ്‌കുമാർ - ബി.ജെ.പി ഭരണത്തിനെതിരെ കടുത്ത ജനവികാരമുണ്ട്. ഇടതുപക്ഷം ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിൽ വരും. - സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ "കേരളകൗമുദി"യോട് പറഞ്ഞു.
ബീഹാറിൽ ഭരണവിരുദ്ധവികാരം പ്രകടമാണ്. ഇത്തവണ മഹാസഖ്യം അധികാരത്തിൽവരും. ജെ.ഡി.യു- ബി.ജെ.പി സഖ്യത്തിനെതിരെ ജനങ്ങളിൽ രോഷമുണ്ട്. എൻ.ഡി.എയുടെ തോൽവി മുന്നിൽ കാണുന്നതിനാലാകണം, മോദി വളരെ അസ്വസ്ഥനാണ്. റാലികളിലെ മോദിയുടെ പ്രസംഗങ്ങൾ ഇതാണ് വെളിവാക്കുന്നത്. ജീവിത പ്രശ്‌നങ്ങളാണ് ബീഹാർ ഉന്നയിക്കുന്നത്. പക്ഷേ മോദിയുടെ മറുപടി എന്താണ്? വൈകാരിക വിഷയങ്ങളല്ലാതെ കാതലായതൊന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലില്ല. നിതീഷ് പൂർണമായും തകർന്നു. അദ്ദേഹത്തിന്റെ റാലികളിൽ തന്നെ പ്രതിഷേധമുയരുകയാണ്.
വർഗീയ സഖ്യത്തെ തോല്പിക്കുക പ്രധാനം
ബി.ജെ.പി - ജെ.ഡി.യു സഖ്യത്തെ തോല്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായത്. അതോടെ സഖ്യത്തിന് വിശ്വാസ്യത കൂടി. ആർ.ജെ.ഡി പിന്നാക്ക, ദുർബല വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ്. അവർ ഒരു ഘട്ടത്തിലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. വർഗീയ ശക്തികളുമായി വിട്ടുവീഴ്ച ചെയ്തിട്ടില്ല. അദ്വാനിയുടെ രഥയാത്ര തടഞ്ഞത് ലാലു പ്രസാദ് യാദവാണ്. ആർ.ജെ.ഡി ഇപ്പോഴും മതനിരപേക്ഷമാണ്. കോൺഗ്രസും മുൻകാലങ്ങളിൽ നിന്ന് പാഠം പഠിക്കുന്നു. മഹാസഖ്യം വർഗീയ ശക്തികളുടെ രഥയാത്ര വീണ്ടും തടയും.
ഇടതുപക്ഷം സ്വയം വിലയിരുത്തണം
ബീഹാറിൽ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായിട്ടുണ്ട്. നിലവിലെ നിയമസഭയിൽ സി.പി.ഐ, സി.പി.എം അംഗങ്ങളില്ല. ഇടത് പക്ഷം സ്വയം വിലയിരുത്തി, തന്ത്രങ്ങൾ മാറ്റണം. എങ്കിലും സംസ്ഥാനത്ത് ഇടതുപക്ഷം ഇപ്പോഴും ശക്തി തന്നെയാണ്. രാഷ്ട്രീയത്തിലും സാമൂഹ്യ വികസനത്തിലും ഇടതുപക്ഷത്തിന് നിർണായക പങ്കുണ്ട്.
ദേശീയതലത്തിൽ പ്രതിഫലിക്കും
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിലും ഗൗരവതരമായി പ്രതിഫലിക്കും. മഹാസഖ്യത്തിന്റെയും ഇടതുപക്ഷത്തിന്റെയും വിജയം രാജ്യത്തെ മതനിരപേക്ഷ കക്ഷികൾക്ക് ഉത്തേജനമാകും.
സ്വർണക്കടത്ത് ആരോപണങ്ങൾ അടിസ്ഥാനരഹിതം
സ്വർണക്കടത്ത് കേസിൽ കേരള സർക്കാരിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസ് കേന്ദ്രസർക്കാരിന്റെ പരിധിയിലാണ്. വ്യോമയാന മേഖലയും കസ്റ്റംസും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കേന്ദ്രസർക്കാരിന്റെ വിഷയങ്ങളാണ്. അതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ശിവശങ്കരൻ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. തെളിവുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കട്ടെ.